കേരളത്തിന് 5000 കോടി നല്‍കാമെന്ന് കേന്ദ്രം; അതുപോരെന്ന് കേരളം

Center to give 5000 crores to Kerala

 

ഡല്‍ഹി: ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ. 5,000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകും. അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് ഈ തുക കുറയ്ക്കും. 10,000 കോടിയെങ്കിലും കടമെടുക്കാൻ അനുമതി വേണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഹരജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനായിരുന്നു കോടതി നിർദേശം.ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. എല്ലാ ചർച്ചകളും പൂർണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടൽ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ ഒന്നിന് 5,000 കോടി നല്കാമെന്ന കേന്ദ്ര നിർദേശം കോടതി തള്ളി. ഈ സാമ്പത്തിക വർഷം നൽകേണ്ട സഹായം അടിയന്തരമായി നൽകണമെന്ന നിലപാടിലായിരുന്നു കോടതി.

കേരളത്തിന് വേണ്ടി ഇളവ് നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രതിരോധം തീർത്തു. തല്‍ക്കാലം സഹായിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിലെ കണക്കിൽ ഉൾപ്പെടുത്താമെന്ന നിർദേശവും ബെഞ്ച് മുന്നോട്ടുവച്ചു. ഇതോടെ രക്ഷാ പാക്കേജിന് കേന്ദ്രം സമ്മതിച്ചിരുന്നു. അല്പം വിശാലമനസോടെ കാര്യങ്ങൾ കാണണമെന്ന് കേന്ദ്രത്തിന് ഉപദേശം നൽകിയാണ് കേരളത്തിന് മുന്നിൽ കോടതി രക്ഷാവാതിൽ തുറന്നിട്ടത്.

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ സുപ്രിംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാൻ അർഹതയുള്ള 13,608 കോടി രൂപ എടുക്കാൻ സംസ്ഥാന സർക്കാരിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഹരജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *