ആർ.ടി.ഐ പരിധിയിൽ ബി.സി.സി.ഐ ഇല്ല: ക്രിക്കറ്റ് ബോർഡ് പൊതുസ്ഥാപനമല്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ

ന്യൂഡൽഹി: ബി.സി.സി.ഐ സ്വന്തം ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണെന്നും അതിന്റെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാറിന് യാതൊരു നിയന്ത്രണവുമില്ലെന്നും കേന്ദ്ര വിവരാവകാശ കമീഷണർ രമേശ് വ്യക്തമാക്കി. എം. ശ്രീധർ ആചാര്യലുവിന്റെ 2018 ഒക്ടോബറിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാറിന്റെ മേൽനോട്ടമോ നിയന്ത്രണമോ ഉള്ളതുകൊണ്ട് മാത്രം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്വഭാവം ഇല്ലാതാകുന്നില്ല. അതിനാൽ വിവരാവകാശ നിയമപ്രകാരം ഇതിനെ ഒരു പൊതുസ്ഥാപനമായി കാണാൻ കഴിയില്ലെന്ന് കമീഷണർ പറഞ്ഞു. ഭാരവാഹികളുടെ നിയമനത്തിലോ സംഘടനയുടെ ആഭ്യന്തര പ്രവർത്തനങ്ങളിലോ സർക്കാറിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മാധ്യമ അവകാശങ്ങൾ, സ്പോൺസർഷിപ്പുകൾ, ടിക്കറ്റ് വിൽപ്പന എന്നിവയിലൂടെ ബി.സി.സി.ഐ സ്വതന്ത്രമായി വരുമാനം കണ്ടെത്തുന്നുണ്ട്. ഇത് സാമ്പത്തികമായി സ്വയംപര്യാപ്തതയുള്ള സ്ഥാപനമാണ്, സർക്കാരിന്റെ ഫണ്ടുകളെ ആശ്രയിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഇത് സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ വലിയ തോതിൽ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സ്ഥാപനമാണ് ബി.സി.സി.ഐ എന്ന് പറയാൻ കഴിയില്ല” രമേശ് വ്യക്തമാക്കി.
തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1975 പ്രകാരം രജിസ്റ്റർ ചെയ്ത ബി.സി.സി.ഐ ഏതെങ്കിലും പ്രത്യേക നിയമനിർമാണത്തിലൂടെ ഉണ്ടായതല്ലെന്നും, ഇത് വ്യക്തികളുടെ ഒരു സ്വകാര്യ സംഘടന മാത്രമാണെന്നും സർക്കാറിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതല്ലെന്നും ഉത്തരവിൽ പറയുന്നു.
ക്രിക്കറ്റിന്റെ വളർച്ചക്കായി ബി.സി.സി.ഐക്ക് നൽകിയിട്ടുള്ള ആദായനികുതി ഇളവ് ഏതെങ്കിലും പ്രത്യേക പരിഗണന മൂലമല്ലെന്നും, മറിച്ച് ആദായനികുതി നിയമം 1961 പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാകുന്നതാണെന്നും രമേശ് ചൂണ്ടിക്കാട്ടി.
ബി.സി.സി.ഐയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഐ.പി.എല്ലിൽ നിന്നാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര മാധ്യമ അവകാശങ്ങൾ, സ്പോൺസർഷിപ്പ് കരാറുകൾ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൽ നിന്നുള്ള ആഗോള വരുമാനത്തിന്റെ വലിയൊരു പങ്ക് എന്നിവയാണ് മറ്റ് വരുമാന മാർഗ്ഗങ്ങൾ. ഭരണപരമായ നിയന്ത്രണം മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ബി.സി.സി ഐക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഈ യാഥാർഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാകും. ഇത് കാര്യക്ഷമതയില്ലായ്മയ്ക്കും ഈ സാമ്പത്തിക ഘടനയുടെ തകർച്ചക്കും കാരണമായേക്കാമെന്നും രമേശ് പറഞ്ഞു.
