ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലയുടെ സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം മന്ത്രി രമേശ് ചെന്നിത്തലക്ക്

ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരത്തിന് കേരള ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അര്‍ഹനായി. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ സല്‍മാന്‍ ഇബ്രാഹിം പുരസ്‌കാര പ്രഖ്യാപനം നടത്തി. പൊതുരംഗത്തെയും പാര്‍ലമെന്‍ററി രംഗത്തെയും അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സേവനങ്ങളും മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം.

പി.എ. സല്‍മാന്‍ ഇബ്രാഹിം ചെയര്‍മാനും പൊയില്‍ അബ്ദുല്ല, എം.സി. വടകര, ടി.ടി. ഇസ്മായില്‍, സി.കെ. സുബൈര്‍ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ 14ന് വൈകിട്ട് ആറുമണിക്ക് ദുബൈ ഖിസൈസിലെ ഹാംപ്ടണ്‍ ഹൈറ്റ്‌സ് ഇന്‍റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കുന്ന സി.എച്ച്. ഇന്‍റര്‍നാഷണല്‍ സമ്മിറ്റില്‍ പുരസ്‌കാരം സമ്മാനിക്കും. സി.എച്ച്. മുഹമ്മദ് കോയ തന്‍റെ ജീവിതത്തിലൂടെ നല്‍കിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി.

ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ സല്‍മാന്‍ ഇബ്രാഹിം സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാര പ്രഖ്യാപനം നടത്തുന്നു

മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍, ഡോക്ടര്‍ ശശി തരൂര്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.സി. വേണുഗോപാല്‍, പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്‌കാര ജേതാക്കള്‍. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി, പി.കെ. നവാസ് എം.എല്‍.എ തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും വ്യാപാര പ്രമുഖരും കെ.എം.സി.സി, മറ്റു പ്രവാസി സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍, ട്രഷറര്‍ ഹംസ കാവില്‍, വൈസ് പ്രസിഡന്‍റുമാരായ നജീബ് തച്ചമ്പൊയില്‍, ഇസ്മായില്‍ ചെരുപ്പേരി, തെക്കയില്‍ മുഹമ്മദ്, ടി.എന്‍. അഷ്‌റഫ്, മൊയ്തീന്‍ കോയ ഹാജി, മൊയ്തു അരൂര്‍, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ വി.കെ.കെ. റിയാസ്, മൂസ കൊയംബ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി., ഷെരീജ് ചീക്കിലോട്, ഗഫൂര്‍ പാലോളി, ജസീല്‍ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂര്‍, സിദ്ദീഖ് കെ.സി. എന്നിവര്‍ വാർത്താസമ്മേളനത്തില്‍ സന്നിഹിതരായി.