‘നാട്ടുമിടുക്ക്’ പഠന പരിപോഷണ പരിപാടി; ചെമ്രക്കാട്ടൂർ ഗവ:എൽ. പി സ്കൂളിന് സംസ്ഥാന തല ആദരം
ചെമ്രക്കാട്ടൂർ ഗവ:എൽ. പി സ്കൂളിൻ്റെ തനത് പഠന പരിപോഷണ പരിപാടിയായ നാട്ടു മിടുക്കിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി(SCERT) കേരളയുടെ സംസ്ഥാനതല ആദരം ലഭിച്ചു. SCERT സംഘടിപ്പിച്ച സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ അവതരണമായ ‘മികവ് സീസൺ 5 ‘ പരിപാടിയിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഇടം പിടിച്ചാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി സ്കൂൾ ജില്ലയുടെ അഭിമാനമായത്. ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ്, സ്കൂൾ കോർഡിനേറ്റർ കെ. സതീഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ ടി.വി കൃഷ്ണ പ്രകാശ് തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സാമൂഹിക പങ്കാളിത്തത്തോടെ SRG, PTA, MPTA, SSG എന്നീ പിന്തുണാ സംവിധാനങ്ങളുടെ സജീവ ഇടപെടലിലൂടെയാണ് പദ്ധതി സ്കൂളിൽ വിജയകരമായി നടപ്പിൽ വരുത്തിയത്.