ചെന്താമരക്ക് എല്ലാവരോടും വൈരാഗ്യം, കൊലപാതകത്തിന് ഒരു മാസം മുൻപ് പ്രതി നെന്മാറയിലുണ്ട്; പാലക്കാട് എസ് പി അജിത്കുമാർ

 

Chenthamara has enmity with everyone, the accused was in Nenmara a month before the murder; Palakkad SP Ajithkumar

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകുമെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസ്. 2 ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ എടുക്കാനാണ് നിലവിലെ തീരുമാനം. ക്രൈം വീണ്ടും പുനരാവിഷ്കരിച്ച് തെളിവെടുപ്പ് നടത്തും എസ് പി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ മനസിലായത് പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്നാണ്. നല്ല മുന്നൊരുക്കത്തോടുകൂടിയാണ് എല്ലാം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്കായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ആയുധങ്ങൾ അടക്കം കണ്ടെടുത്തത്തിൽ നിന്ന് അങ്ങനെയാണ് മനസിലാക്കാൻ സാധിക്കുന്നത്. ചെന്താമരയ്ക്ക് എല്ലാവരോടും വൈരാഗ്യമാണ്. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. ആ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു.

പ്രതിയുടെ രീതികൾ തമ്മിൽ നല്ല വ്യത്യാസമാണ് ഉള്ളത്. ഒരു കടുവയാണ് താനെന്നാണ് സ്വയം കരുതിയിരിക്കുന്നത്. വിഷം കുടിച്ചു എന്ന് പ്രതി പറയുന്നു പക്ഷേ അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചുവിടാൻ കെട്ടിച്ചമച്ചതാണെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് ഒരു മാസം മുൻപ് ഇയാൾ വീട്ടിലുണ്ട്. കൂടുതൽ പേരോട് വൈരാഗ്യം ഉള്ളതായി വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സുധാകരനുമായി തലേ ദിവസം തർക്കം ഉണ്ടായതായി പ്രതി പറഞ്ഞിരുന്നുവെങ്കിലും അക്കാര്യത്തിൽ വ്യക്തതയില്ല. ആയുധങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്നും വ്യക്തമായിട്ടില്ല.

കൊലപാതകത്തിന് ശേഷം പ്രതി നേരെ വീട്ടിലേക്ക് ഓടിപോകുകയാണ് ചെയ്തത്.
അവിടുന്ന് നേരെ മല ഭാഗത്തേക്ക് പോയി. മല മുകളിലാണ് ചെന്താമര ഒളിവിൽ കഴിഞ്ഞത്. ആ പ്രദേശം നന്നായി അറിയാവുന്നയാളെന്ന നിലയിൽ വലിയ ബുദ്ധിമുട്ട് പ്രതിക്ക് ഉണ്ടായിരുന്നില്ല. ഒന്നര ദിവസത്തോളം മലയിൽ തന്നെ നിന്നു.പൊലീസ് മലയിൽ തിരച്ചിൽ നടത്തുമ്പോൾ പ്രതി അവരെ നിരീക്ഷിച്ചിരുന്നു. ഒന്നര ദിവസം ആയതുകൊണ്ട് തന്നെ ഇയാൾക്ക് ഭക്ഷണം കിട്ടിയിട്ടില്ല. ഭക്ഷണം കിട്ടുന്നതിനു വേണ്ടിയാണ് ഇയാൾ വീട്ടിലേക്ക് വന്നുവെന്നാണ് കരുതുന്നത്. വീട്ടിലേക്ക് വരുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പ്രതിയെ രക്ഷപ്പെടാൻ ആരും തന്നെ സഹായിച്ചിട്ടില്ല. പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം സെക്യുരിറ്റി ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. പിന്നീട് മൂന്ന് മാസം മുൻപ് ജോലി നഷ്ടമായി. അതിന് ശേഷമാണ് നെന്മാറയിലേക്ക് വന്നത്. പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. പരിശോധന നടത്താൻ വേണ്ടി നാട്ടുകാർ വലിയ രീതിയിൽ സഹായിച്ചെന്നും എസ്പി അജിത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *