5 പേർ മരിക്കാനിടയായ ചെട്ടിയങ്ങാടി റോഡ് ദുരന്തം; ഒരു മാസം പിന്നിട്ടിട്ടും പൂർണ്ണ പരിഹാരം ഇനിയുമകലെ..!
മഞ്ചേരി: 2023 ഡിസംബർ 15 ന് 5 പേരുടെ മരണത്തിനിടയാക്കിയ മഞ്ചേരി ചെട്ടിയങ്ങാടി റോഡപകട ദുരന്തത്തിന്റെ ബാക്കിപത്രമായ പ്രശ്ന പരിഹാരം ഇനിയുമേറെ അകലെ. 15 ലെ അപകടത്തെ തുടർന്ന്, മൃതദേഹങ്ങൾ സംസ്ക്കരിക്കും മുൻപേ 16 ന് അതിരാവിലെ 7 മണിക്ക് തന്നെ നാട്ടുകാർ നടത്തിയ റോഡ് ഉപരോധ ജനകീയ സമരത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അന്നു തന്നെ രാവിലെ 8 മണിക്ക് വിളിച്ചു ചേർത്ത പ്രശ്നപരിഹാര – അനുരഞ്ജന യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായും സമയബന്ധിതമായി നടക്കാതെ വൈകുന്നതിൽ കടുത്ത പ്രതിഷേധാത്തിലാണ് നാട്ടുകാർ. വേണ്ടി വന്നാൽ വീണ്ടുമൊരു ജനകീയ സമരത്തിന് നാട്ടുകാർ തയ്യാറാകുമെന്ന് നാട്ടുകാരുടെ പ്രതിനിധി ഹുസ്സൈൻ വല്ലാഞ്ചിറ അറിയിച്ചു.
കെ.എസ്.ടി.പി. എഞ്ചിനിയർമാർ, റോഡ് സേഫ്റ്റീ കൺസൾട്ടന്റ്സ്, പോലീസ് അധികൃതർ, റോഡ് നിർമ്മാണ കമ്പനി (ശ്രീധന്യ) പ്രതിനിധികൾ ജനകീയ സമരസമിതി നേതാക്കൾ എന്നിവരുടെ യോഗമായിരുന്നു തഹസിൽദാർ ഹരീഷ് കപ്പൂർ വിളിച്ചു ചേർത്തത്. 7 മണിക്ക് ആരംഭിച്ച റോഡ് ഉപരോധസമരം തഹസിൽദാരും പോലീസ് ഓഫീസർമാരും നേരിട്ടെത്തി 8 മണിക്കു തന്നെ യോഗം ചേർന്ന് തീരുമാനം എടുക്കാമെന്ന ഉറപ്പിൻമേലാണ് അവസാനിപ്പിച്ചത്. യോഗതീരുമാന പ്രകാരം റോഡിൽ മുന്നറിയിപ്പു ബോർഡുകളും , റമ്പിൾ സ്ട്രിപ്പും, സീബ്രാ ലൈനും സ്ഥാപിച്ചു. റോഡിനിരുവശവും ദീർഘകാലം അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കാൻ നഗരസഭയും പോലീസും നാട്ടുകാരും ചേർന്ന് മുന്നറിയിപ്പും നൽകി. ഇതേ തുടർന്ന് വാഹനങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു.
എന്നാൽ 16-12-23 ലെ യോഗ ദിവസം 4 മണിക്ക് പോലീസിന്റെ സഹകരണത്തോടെ നാട്ടുകാർ സ്ഥാപിച്ച താൽക്കാലിക “സ്റ്റോപ്പ് & പ്രൊസീഡ് ” ബോർഡുകൾ ഡിസംബർ 23 നകം റോഡ് നിർമ്മാണ കമ്പനിയായ “ശ്രീധന്യ” മാറ്റി സ്ഥാപിക്കണമെന്ന തീരുമാനം ജനുവരിമാസം പതിനാറ് പിന്നിട്ടിട്ടും യാഥാർത്ഥ്യമായില്ല. മഴ പെയ്താലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ചോർച്ച ഉണ്ടായാലും വെള്ളം ഡ്രൈനേജിലേക്ക് പോകാതെ റോഡിൽ കെട്ടിക്കിടക്കും. റോഡിന്റെ വശങ്ങളിൽ പതിച്ച സിമന്റ് കട്ടകൾ റോഡിനേക്കാളും ഡ്രൈനേജിലേക്ക് വെള്ളം പോകുന്ന വഴിയേക്കാളും ഉയർന്നാണിരിക്കുന്നത് . റോഡ് നിർമ്മാണത്തിലെ ഈ അശാസ്ത്രീയതയും അപകടങ്ങൾക്ക് കാരണമാണ്. തെരുവു വിളക്കിനു സ്ഥാപിച്ച 7 കാലുകളാണ് ഈ അപകട മേഖലയിൽ വീണും ചാഞ്ഞും ചരിഞ്ഞും കിടക്കുന്നത്. വിളക്കു കാലുകളുടെ അടിത്തറ തീരെ ഉറപ്പില്ലാത്തതിനാൽ ചെറിയ വാഹനം ചാരിയാൽ പോലും അടിപതറുകയാണ്. മിക്ക സൂചനാ ബോർഡുകളും ഒടിഞ്ഞാണ് കിടക്കുന്നത്.
ഇവിടം റോഡിൽ ശാസ്ത്രീയമായ ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടിയും ഒന്നുമായിട്ടില്ല. പുതിയ റോഡ് നിർമ്മാണം നടന്നയുടനെ ഇവിടെ തുടരെ തുടരെ അപകടങ്ങൾ ഉണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്തതിനെ തുടർന്ന് നിരന്തരം അധികൃർക്കും , വകുപ്പു മന്ത്രിക്കും നിവേദനങ്ങൾ നൽകി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നന്ന് ഹുസ്സൈൻ വല്ലാഞ്ചിറ പറഞ്ഞു. അതിന്റെ നടപടികൾ തുടങ്ങുകയും പിന്നീടത് വൈകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അഞ്ചു പേരുടെ ദാരുണ മരണത്തിൽ കലാശിച്ച റോഡ് ദുരന്തം ഉണ്ടായത്. പ്രശ്ന പരിഹാരം ഇനിയും വൈകിയാൽ മുതിർന്നവരേയും സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.