ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: 14 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഒരു കോടി വിലയിട്ട നേതാവും
റായ്പൂര്‍: ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കോടി വിലയിട്ട നേതാവടക്കം 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയായ ഗരിയാബന്ദ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് നേതാവായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്ന് ഗരിയാബന്ദ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.Maoists
ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകള്‍, ഒഡിഷ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നീ സേനകള്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പ്രദേശത്തുനിന്ന് വലിയതോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
നക്സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പൊലീസ് അറിയിച്ചു.