ഡൽഹിയിൽ ക്ഷേത്രങ്ങൾ പൊളിക്കാൻ ബിജെപി പദ്ധതിയിടുന്നെന്ന് മുഖ്യമന്ത്രി അതിഷി മർലേന

Delhi

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ ആറ് ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധ വിഹാര കേന്ദ്രങ്ങളും തകർക്കാൻ ബിജെപി പദ്ധതിയിടുന്നു​വെന്ന ആരോപണവുമായി മുഖ്യമന്ത്രി അതിഷി മർലേന. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയ്ക്ക് കീഴിൽ ഡിസംബർ 22ന് മതകമ്മിറ്റി യോഗം ചേരുകയും നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആറ് ആരാധനാലയങ്ങൾ പൊളിക്കാൻ തീരുമാനിച്ചുവെന്നുമാണ് അതിഷിയുടെ ആരോപണം. ഇതറിഞ്ഞതോടെ ഗവർണറോട് വിശദീകരണമാവശ്യപ്പെട്ട് താൻ കത്തെഴുതിയെന്നും അതിഷി കൂട്ടിച്ചേർത്തു. എന്നാൽ ‘അതിഷി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്, ആരാധനാലയങ്ങൾ പൊളിക്കാൻ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും അവ പൊളിക്കാൻ പദ്ധതിയില്ലെന്നും’ ഗവർണറുടെ ഓഫീസ് പ്രതികരിച്ചു. Delhi

എന്നാൽ ഗവർണറുടെ ഓഫീസ് കള്ളം പറയുകയാണെന്നും യോഗം നടന്നിട്ടുണ്ടെന്നും അതിഷി പറഞ്ഞു. യോഗത്തിന്റെ മിനുട്ട്‌സ് തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ അതിഷി പേപ്പറുകൾ ഉയർത്തിക്കാണിക്കുകയും ചെയ്തു.

ബിജെപി കേന്ദ്ര നേതൃത്വം മതകമ്മിറ്റിയുടെ പ്രതിനിധി വഴി ഗവർണറുടെ ഓഫീസിലേക്ക് ആരാധനാലയങ്ങൾ പൊളിക്കാനുള്ള ഫയൽ അയച്ചിട്ടുണ്ടെന്നും ഗവർണർ അതിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അതിഷി ആരോപിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും, മജിസ്‌ട്രേറ്റ് ഓഫീസുകളിലേക്കും, പൊലീസിനും ലഫ്റ്റനന്റ് ഗവർണർ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ ആരാധനാലയങ്ങൾ പൊളിക്കാനുള്ള ഒരുക്കത്തിലാണെന്നും അവർ പറഞ്ഞു.

സുന്ദർ നഗരിയിലെ ബുദ്ധ ആരാധനാലയ കേന്ദ്രം തകർക്കാൻ പദ്ധതിയുണ്ട്, ഇതിലുള്ള ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ പ്രതിമയും തകർക്കുമെന്നും അതിഷി പറഞ്ഞു.

മതകമ്മിറ്റി ഡൽഹി സർക്കാറിന്റെ ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. കമ്മിറ്റിയുടെ തീരുമാനങ്ങൾ അംഗീകരിക്കേണ്ടത് മന്ത്രിയാണ്. എന്നാൽ മത കമ്മിറ്റിയുടെ ആരാധനാലയങ്ങൾ പൊളിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ മുന്നിൽ ഹാജരാക്കിയിരുന്നില്ലെന്നും അതിഷി പറഞ്ഞു. ഇതോടെ ബിജെപിയുടെ ഇരട്ട മുഖം വെളിവായിരിക്കുകയാണ്, ഒരു വശത്ത് ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നെന്ന് പറയുകയും മറുവശത്ത് അവർ അവ പൊളിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. എഎപി ഡൽഹിയിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ക്ഷേത്ര, ഗുരുദ്വാര പുരോഹിതന്മാർക്കും മാസം 18,000 രൂപ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, ബിജെപി ഹിന്ദുക്കളിൽ നിന്ന് മതം പറഞ്ഞ് വോട്ടുകൾ തട്ടിയെടുക്കുകയാണെന്നും അതിഷി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *