ചൈന, തലയ്ക്ക് 8 കോടി വിലയിട്ട 19കാരി – ആരാണ് ക്ലോയി ച്യൂങ്?
ഒരു 19കാരിയെ രാജ്യത്തെ വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ പെടുത്തുക, അവളുടെ തലയ്ക്ക് കോടികൾ വിലയിടുക.. യുദ്ധക്കുറ്റവാളിയോ തീവ്രവാദിയോ ഒക്കെ ആണ് ആ 19കാരി എന്ന് കരുതിയെങ്കിൽ തെറ്റി- ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചതിന് ചൈനയുടെ മുഖ്യശത്രുവായി മാറിയതാണ് അവൾ- ക്ലോയി ച്യൂങ്.China
ഹോങ്കോങ്ങിലാണ് ക്ലോയി ജനിച്ചു വളർന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇവിടം 1997ൽ സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. പക്ഷേ ചൈനയുടെ നിഴലിലായത് കൊണ്ടു തന്നെ അതിന്റേതായ യാതൊരുവിധ അനുകൂല്യങ്ങളും ഹോങ്കോങ്ങിനുണ്ടായിരുന്നില്ല. ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളിൽ വരെ ചൈന കടന്നുകയറി.
1997ലെ കരാർ പ്രകാരം 2047വരെ ഹോങ്കോങ്ങിന് സ്വയംഭരണാനുമതി ഉണ്ട്. ഇതിന് ശേഷം പൂർണമായും ചൈനയുടെ അധികാരത്തിൽ വരണം. എന്നാലീ കരാർ ലംഘിച്ചാണ് ഹോങ്കോങ്ങിന് മേൽ സർക്കാരിന്റെ കടന്നുകയറ്റം.ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായെങ്കിലും അടിച്ചമർത്തപ്പെട്ടു.
അഞ്ച് വർഷം മുമ്പ് നടന്ന ഇത്തരമൊരു പ്രതിഷേധത്തിനാണ് ചൈനീസ് സർക്കാർ ക്ലോയി അടക്കം അഞ്ചു പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷാ നിയമം പാലിച്ചില്ലെന്ന് കാട്ടി, രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് ഇവരുടെ തലയ്ക്ക് കോടികൾ വിലയിടുകയും ചെയ്തു. അറസ്റ്റ് വാറന്റ് ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ക്ലോയി.
2019ൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ക്ലോയി ആദ്യമായി ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ഹോങ്കോങ്ങിലേക്ക് ചൈനീസ് ഭരണം പൂർണമായി വ്യാപിപ്പിക്കുന്നതിന് അനുമതി നൽകുന്ന ഒരു ബില്ലിനെതിരെ ആയിരുന്നു ഇത്. ആ പ്രതിഷേധം അന്താരാഷ്ട്രതലത്തിലടക്കം വലിയ ചർച്ചയായി. പ്രതിഷേധക്കാരെ കണ്ണീർ വാതകം കൊണ്ട് നേരിട്ട ചൈനീസ് പൊലീസ് അവരെ കഴുത്തിന് കുത്തിപ്പിടിച്ച് നിരത്തിലൂടെ വലിച്ചിഴച്ചു. അന്നാദ്യമായി തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങളുടെ ഏകദേശ ധാരണ ക്ലോയിക്ക് മനസ്സിലായി. അത് പക്ഷേ അവളുടെ ഉള്ളിലെ തീ ആളിക്കത്തിക്കുകയാണുണ്ടായത്.
അതുവരെ രാഷ്ട്രീയം എന്തെന്ന് പോലുമറിയാതിരുന്ന കൊച്ചുക്ലോയി പിന്നീടങ്ങോട്ട് തന്റെ നാടിന്റെ ചരിത്രവും, സ്വയംഭരണാവകാശം നേടേണ്ടതിന്റെ ആവശ്യകതയുമൊക്കെ മനപ്പാഠമാക്കിയെടുത്തു. സർക്കാർ നടപടികൾ കടുത്തതോടെ, 2021ൽ ഹോങ്കോങ്ങുകാർക്കുള്ള പ്രത്യേക വിസയിൽ ക്ലോയിയും കുടുംബവും യുകെയിലേക്ക് താമസം മാറ്റി. 2023ലെ ക്രിസ്മസിന് തലേന്നാണ് ചൈനീസ് സർക്കാർ ക്ലോയി ഉൾപ്പടെയുള്ള ‘വാണ്ടഡ് ക്രിമിനലു’കളുടെ പട്ടിക പുറത്ത് വിടുന്നത്. ക്ലോയിയുടെ മറ്റ് ഫോട്ടോസ് ഒന്നും കിട്ടാത്തതിനാൽ സ്‌കൂൾ റെക്കോർഡുകളിലുള്ള, അവളുടെ 11ാം വയസ്സിലെ ഫോട്ടോ ആണ് അധികൃതർ നോട്ടീസിൽ ഒട്ടിച്ചത്. 11 വയസ്സുള്ള കുട്ടി ചൈനയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ആണത്രേ.
1997ൽ അർധമെങ്കിലും സ്വയംഭരണാവകാശം നേടിയെടുത്ത ശേഷം, ചൈനീസ് ഭരണകൂടത്തിന്റെ നിലപാടുകൾ എത്രത്തോളം കടുപ്പമേറിയതാണെന്ന് ഹോങ്കോങ്ങുകാർ മനസ്സിലാക്കിയിരുന്നു. പക്ഷേ എന്ത് വേണമെന്നും ഭാവി എങ്ങനെ ആയിരിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്ക് മാത്രമെന്ന് കരുതിയിടത്ത് ഹോങ്കോങ്ങിന് തിരിച്ചടിയായി ആ ഉത്തരവെത്തി.
2020ൽ നാഷണൽ സെക്യൂരിറ്റി ബിൽ ബെയ്ജിങ് പാസാക്കി. ഹോങ്കോങ് അതുവരെ അനുഭവിച്ചിരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും മറ്റ് അവകാശങ്ങൾക്കും വിലക്ക് വീണു. രാഷ്ട്രീയക്കൂട്ടായ്മകൾ രാജ്യത്ത് നിരോധിക്കപ്പെട്ടു.ജനാധിപത്യത്തെ സൂചിപ്പിക്കുന്നതെല്ലാം- മാധ്യമങ്ങളെയടക്കം സർക്കാർ മുദ്രവച്ച് പുറത്താക്കി. പത്രസ്ഥാപനങ്ങൾക്ക് പൂട്ടുവീണു… രാജ്യത്ത് തലയുയർത്തി നിന്നിരുന്ന പല പ്രതിമകളും തച്ചുടയ്ക്കപ്പെട്ടു.
സർക്കാരിനെതിരെ ആർക്കും നാവനക്കാൻ അധികാരമുണ്ടായിരുന്നില്ല. അതിന് മുതിർന്ന, ബ്രിട്ടീഷ് പൗരനും ബിസിനസുകാരനുമായ ജിമ്മി ലെയ്യെ പോലുള്ളവർ കടുത്ത വിചാരണ നേരിട്ടു- ഒടുവിൽ ജയിലിലുമായി. ഈ പ്രതിഷേധപരമ്പരകളുടെ ഭാഗമായിരുന്നു ക്ലോയിയും.. അച്ഛനുമമ്മയ്ക്കുമൊപ്പം സമരങ്ങൾക്ക് മുന്നിലുണ്ടായിരുന്ന ക്ലോയി അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു. ഇവരടക്കമുള്ള സമരക്കാർക്ക് മേൽ ദയാദാക്ഷിണ്യമില്ലാതെ സർക്കാർ നടപടികളുമെത്തി…
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ഈ നീക്കങ്ങൾക്ക് പിന്നാലെയാണ് ഹോങ്കോങ്ങുകാർക്കായി യുകെ തങ്ങളുടെ വാതിൽ തുറന്നിട്ടത്. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (BNO) വിസ എന്ന പേരിൽ, ഹോങ്കോങ്ങുകാർക്ക് മാത്രമായി ഒരു വിസ പദ്ധതി യുകെ രൂപപ്പെടുത്തി. ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായിരുന്നു ക്ലോയിയും കുടുംബവും. ഇംഗ്ലണ്ടിലെ ലീഡ്‌സ് എന്ന സ്ഥലത്ത് ബ്രിട്ടീഷ് സർക്കാർ അവർക്ക് താമസമൊരുക്കി. ക്ലോയിയുടെ മുടങ്ങിക്കിടന്ന സെക്കൻഡറി സ്‌കൂൾ പഠനവും പുനരാരംഭിച്ചു.
ബ്രിട്ടനിലെത്തിയിട്ടും തന്റെ പോരാട്ടം ക്ലോയി അവസാനിപ്പിച്ചില്ല. ഹോങ്കോങ്ങിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവൾ നിരന്തരം ബ്ലോഗുകളെഴുതി. ആ ബ്ലോഗുകൾ ലക്ഷക്കണക്കിന് ഹോങ്കോങ്ങുകാർക്ക് പ്രചോദനവുമായി.
തുടക്കത്തിൽ ഭാഷാ പ്രശ്‌നവും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും പതിയെ ജീവിതം പഴയത് പോലെയാകാൻ തുടങ്ങിയപ്പോഴാണ് ക്ലോയിയുടെ ജീവിതത്തിലേക്ക് ഇടിത്തീ പോലെ ആ വാർത്തയെത്തുന്നത്. ക്ലോയിയെ പിടികൂടി ഏൽപ്പിക്കുന്നവർക്ക് ചൈനീസ് സർക്കാർ വക പാരിതോഷികം.
പ്രായത്തിൽ ചെറുതായ തന്നെ, കണ്ടുകിട്ടേണ്ടവരുടെ പട്ടികയിൽ പെടുത്താനാവുമോ എന്ന ചിന്തയായിരുന്നു ആദ്യമൊക്കെ ക്ലോയിക്ക്. പക്ഷേ വിദേശത്തുള്ള കുറ്റവാളികളെ പിടികൂടാൻ ചൈനീസ് ഭരണകൂടത്തിന് പ്രത്യേക നിയമം തന്നെ ഉണ്ടായിരുന്നു. യുകെ പൗരന്മാരിലേക്കും സർക്കാർ പാരിതോഷികം നീട്ടി. ആര് ക്ലോയിയെ പിടികൂടുന്നോ അവർക്ക് പാരിതോഷികം എന്നതായി സർക്കാർ നീക്കം. 1 മില്യൺ ഹോങ്കോങ് യുവാൻ അഥവാ 8 കോടി 66 ലക്ഷം രൂപയാണ് ചൈനീസ് സർക്കാർ ക്ലോയിയുടെ തലയ്ക്കിട്ടിരിക്കുന്ന വില.
അറസ്റ്റ് വാറന്റിൽ ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോഴതുമായി ക്ലോയി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ചൈനയുമായി യുകെയ്ക്കുള്ള പുതിയ സമീപനം തിരിച്ചടിയാകുമോ എന്ന ആശങ്ക ക്ലോയിക്കുണ്ട്. യുകെയിലുള്ള ഹോങ്കോങ്ങുകാരാണോ വ്യാപാരബന്ധങ്ങളാണോ ബ്രിട്ടന് വലുത് എന്ന ചോദിച്ചാൽ യുക്തിപരമായി മറുപടി പറയാൻ ക്ലോയിയ്ക്കറിയാം. ലണ്ടനിലൂടെ നടക്കാൻ പേടിയുണ്ടോ എന്ന് ചോദിച്ചാൽ ഹോങ്കോങ്ങിൽ തങ്ങളുടെ പ്രിയപ്പെട്ടവർ അനുഭവിക്കുന്നതിന്റെ നാലിലൊന്ന് ഭയം ഇവിടെയില്ല എന്ന് പറയും ക്ലോയി.