ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച; ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ യൂട്യൂബ് ചാനലിനെതിരെ നടപടിയില്ല, വിദ്യാഭ്യാസവകുപ്പിന് ഗുരുതര വീഴ്ച

question paper

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കാൻ കാരണം മുൻ റിപ്പോർട്ടുകൾ വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചതെന്ന് കണ്ടെത്തൽ. ആരോപണമുയർന്ന യൂട്യൂബ് ചാനലായ എം.എസ് സൊല്യൂഷനെതിരെ ഓണപരിക്ഷയുടെ ചോദ്യങ്ങൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ഡിഇഒ നൽകിയ പരാതി വിദ്യാഭ്യാസ വകുപ്പ് കാര്യമായെടുത്തില്ല. സെപ്തംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്.question paper

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തുവന്നത്. ചില യൂട്യൂബ് ചാനലുകളിലൂടെ ആണ് ചോദ്യപേപ്പർ ചോർന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർസെല്ലിലും പരാതി നൽകി.എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ പ്ലസ് വൺ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ എന്നിവയാണ് യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യഘട്ടത്തിൽ ചോദ്യപേപ്പർ ചോർച്ച സമ്മതിക്കാതിരുന്ന വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ ചോദ്യപേപ്പർ ചോർച്ച തുറന്നു സമ്മതിച്ചു.

അതീവ രഹസ്യ സ്വഭാവത്തോടുകൂടിയാണ് എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ തയ്യാറാക്കുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർന്നത് ഗൗരവമായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ട്യൂഷൻ സെൻററുകൾ മുഖേന യൂട്യൂബ് ചാനലുകളിലേക്ക് ചോദ്യപേപ്പർ എത്തിയതാകാം എന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. ഇതിന് കൂട്ടുനിന്ന വകുപ്പിലെ അധ്യാപകർ ആരെങ്കിലും ഉണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ട്യൂഷൻ സെൻററുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. ഡിജിപിയുടെയും സൈബർ സെല്ലിൻറെയും പൊതു വിദ്യാഭ്യാസ വകുപ്പിൻറെയും കീഴിൽ പല നിലയിലുള്ള അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *