മുനമ്പം സമരക്കാരുമായി നാളെ മുഖ്യമന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം: മുനമ്പം സമര സമിതിയുമായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച നടത്തും. വൈകീട്ട് നാല് മണിക്ക് ഓൺലൈനായാണു ചർച്ച നടക്കുക. ഇന്നു ചേർന്ന ഉന്നതതല യോഗത്തിൽ വഖഫ് ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായിരുന്നു. ഇതിൽ എതിർപ്പുമായി സമര സമിതി രംഗത്തെത്തുകയും ചെയ്തിരുന്നു.
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് കമ്മിഷനെ നിയമിക്കാനുള്ള തീരുമാനമുണ്ടായത്. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി.എൻ രാമചന്ദ്രൻ നായർക്കാണ് കമ്മീഷൻ ചുമതല നൽകിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മുഴുവൻ രേഖകളും കമ്മിഷൻ പരിശോധിക്കും. മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് കമ്മിഷനോട് നിർദേശിച്ചിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പി. രാജീവ് പറഞ്ഞു.
മുനമ്പത്ത് കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇനി ഇത്തരം നോട്ടീസുകൾ നൽകരുതെന്ന് വഖഫ് ബോർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരെയും മുനമ്പത്തുനിന്ന് കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാനും വ്യക്തമാക്കി. രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.