‘കോച്ചിനെ ബലിയാടാക്കി രക്ഷപ്പെടാനാവില്ല’; ബ്ലാസ്റ്റേഴ്‌സിനെതിരെ വീണ്ടും മഞ്ഞപ്പട
കൊച്ചി: മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്തുനിന്ന് മിഖായേൽ സ്റ്റാറേയെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട. മാനേജ്‌മെന്റ് വീഴ്ചയെ മറച്ചുവെക്കാനുള്ള ശ്രമം മാത്രമാണ് ഈ നടപടിയെന്ന് ഔദ്യോഗിക വാർത്താകുറിപ്പിൽ മഞ്ഞപ്പട വ്യക്തമാക്കി. ഇത്തരം തന്ത്രങ്ങൾ വിലപോവില്ല. സ്വീഡിഷ് കോച്ചിനെ മാറ്റിയതുകൊണ്ട് മാത്രം ബ്ലാസ്‌റ്റേഴ്‌സിലെ പ്രശ്‌നങ്ങൾക്ക് പരിഹരിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകകൂട്ടം വ്യക്തമാക്കി.MANJAPPADA
തുടർ പരാജയങ്ങളെ തുടർന്നാണ് സീസൺ പാതിവഴിയിൽ നിൽക്കെ കോച്ചിന് സ്ഥാനം തെറിച്ചത്. സ്റ്റാറേക്കൊപ്പം അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്‌ട്രോം,ഫ്രെഡറികോ പെരേരെ മോസെസ് എന്നിവരേയും പുറത്താക്കിയിരുന്നു. പുതിയ മുഖ്യ പരിശീലകൻ സ്ഥാനമേൽക്കുന്നതുവരെ റിസർവ്വ് ടീം ഹെഡ് കോച്ച് ടോമാസ് ടോർസിനും അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമനും താൽകാലിക ചുമതല നൽകി.
ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ാം സ്ഥാനത്താണ് കൊമ്പൻമാർ. ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനുമെതിരായ അവസാനം നടന്ന രണ്ടുമാച്ചിലും തോൽവിയായിരുന്നു ഫലം. ഇതേ തുടർന്ന് മാനേജ്‌മെന്റിനെതിമഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു. മോഹൻ ബഗാനെതിരായ അവല എവേ മാച്ചിലും തോറ്റതോടെയാണ് അടിയന്തര യോഗം ചേർന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കടുത്ത നടപടിയിലേക്ക് കടന്നത്. ഡിസംബർ 22ന് സ്വന്തം തട്ടകമായ കലൂർ ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഹമ്മദൻസ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.