ഇറാനിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 50ലധികം പേർ കൊല്ലപ്പെട്ടു

Coal

തെഹ്റാൻ: കിഴക്കൻ ഇറാനിലെ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി തൊഴിലാളികൾ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്ഫോടനമുണ്ടായത്. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.Coal

വാതക ചോർച്ചയുണ്ടായ സമയം ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 69 പേർ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

‘ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും’ ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഖനികളിൽ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *