ഗോളടിക്കാൻ മറന്ന് കോൾ പാമർ; പ്രീമിയർ ലീഗിൽ കുതിപ്പിന് ശേഷം കിതപ്പ്
സീസണിൽ ഇതുവരെ ഇംഗ്ലീഷ് മൈതാനങ്ങളിൽ അയാൾ അടിച്ചത് 14 ഗോളുകളാണ്. പ്രീമിയർ ലീഗ് ടോപ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ആറാമത്. ചെൽസിയുടെ ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ തലപ്പത്ത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോൾ പാമറെന്ന ചെൽസിയുടെ നീല നക്ഷത്രം ഇപ്പോൾ നിരാശയുടെ ഗോൾമുഖത്താണ്. പോയ ജനുവരി 15ന് ശേഷം ബ്ലൂസിനായി ആ ബൂട്ട് ശബ്ദിച്ചിട്ടില്ല. ഗോളവസരം തുറക്കുന്നതിലും പരാജയം. മാസങ്ങൾക്ക് മുൻപ് ചെൽസിയുടെ വിജയത്തേര് തെളിച്ചിരുന്ന താരമിപ്പോൾ താളംകണ്ടെത്താനാവാതെ ഇംഗ്ലീഷ് മൈതാനങ്ങളിൽ കിതക്കുന്നു. പാമറുടെ ബൂട്ടുകളിലൂടെ നീല രാവുകൾ സ്വപ്നം കണ്ട ആരാധകർക്കും ഇത് നിരാശയുടെ ദിനങ്ങൾ. Palmer
Dont Worry, I Will be Back…. സതാംപ്ടണെതിരായ മത്സരവിജയശേഷം കോൾ പമർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ചെൽസി ആരാധകരുടെ പ്രതീക്ഷയും ആ വാക്കുകളിലാണ്. സതാംപ്ടണെതിരായ മാച്ചിൽ നാല് വ്യത്യസ്ത ഗോൾ സ്‌കോറർമാരാണ് ചെൽസിക്കുണ്ടായിരുന്നത്. പക്ഷേ 90 മിനിറ്റും കളത്തിലുണ്ടായിട്ടും പാമർ വലകുലുക്കിയില്ല, മറ്റു മുന്നേറ്റതാരങ്ങൾ ഗോളടിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് നീലപടക്ക് താൽകാലിക ആശ്വാസം നൽകുന്നുണ്ട് എന്നാൽ അതൊരിക്കലുമൊരു ശാശ്വത മാറ്റമായിരിക്കില്ലെന്ന് സമീപകാലത്തെ ചെൽസിയുടെ പ്രകടനം കാണുന്നവർക്കറിയാം. വരാനിരിക്കുന്ന വീക്കെൻഡുകൾ നീലപടയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ലണ്ടൻ നരഗത്തിലെ ബദ്ധവൈരികളായ ആർസനൽ, ടോട്ടനം ക്ലബുകളുമായി പോരാടാണ്ടേതുണട്. ടോപ് ഫോറെന്ന ഗ്ലാമറസ് സ്‌പോട്ടുറപ്പാക്കാൻ ഓരോ മത്സരവും നിർണാകമാണ്. യൂറോപ്പ കോൺഫറൻസ് ലീഗിലും നിർണായക നോക്കൗട്ട് മാച്ചുകൾ വരാനിരിക്കുന്നു. ഇതിന് മുൻപായി 22 കാരനെ ഫോമിലെത്തിക്കേണ്ടത് പരിശീലകൻ എൻസോ മരെസ്‌കക്കും പ്രധാനമാണ്. ”സീസണിൽ ഇതൊരു അസാധാരണ സംഭവമല്ലെന്നും ഗോൾ വരൾച്ച അറ്റാക്കിങ് മിഡ്ഫീൽഡറുടെ പ്രകടനത്തെ ബാധിച്ചില്ലെന്നും ഇറ്റാലിയൻ പരിശീലകൻ പറയുന്നുണ്ടെങ്കിലും അയാൾ ടീമിലുണ്ടാക്കിയ ഇംപാക്ട് എത്രത്തോളമാണെന്ന് കോച്ചിന് നന്നായറിയാം.
മാഞ്ചസ്റ്റർ സിറ്റി വിട്ട് പാമർ സ്റ്റാഫോഡ് ബ്രിഡ്ജിന്റെ പടികടന്നതു മുതൽ ചെൽസി കുതിച്ചതും കിനാവ് കണ്ടതും ആ കാലുകളുടെ ബലത്തിലായിരുന്നു. ഏദൻ ഹസാർഡിന് ശേഷം ചെൽസിയുടെ മധ്യനിരയെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരാളുമില്ല. ഗോളിലേക്കുള്ള കില്ലർപാസുകൾ നൽകിയും അർധാവസരങ്ങൾ പോലും ലക്ഷ്യത്തിലെത്തിച്ചും അയാൾ നിറഞ്ഞാടി. ചെൽസി വിജയങ്ങളുടെ മാസ്റ്റർ ബ്രെയിൻ അയാളെന്ന് വിളിക്കപ്പെട്ടു.
എന്താണ് പാമറിന് സംഭിച്ചത്… ക്രിസ്മസിന് ശേഷമാണ് ആ പ്രകടനത്തിൽ ഏറ്റകുറച്ചിലുകളുണ്ടായത്. എന്നാൽ ഒന്നര മാസത്തെ യുവതാരത്തിന്റെ ചെൽസി പ്രകടനം വിലയിരുത്തുമ്പോൾ മുൻപത്തേതിന് സമാനമായി ഔട്ട്പുട്ട് നൽകിയിട്ടുണ്ടെന്ന് വ്യക്തമാകും. ഫൈനൽ തേർഡിൽ ഷോട്ടുതിർത്തതിലും മുൻപത്തേതിന് സമാനം. എന്നാൽ ഫിനിഷിങിൽ മൂർച്ചയില്ല. ഷോട്ട് സെലക്ഷനും പലകുറി പാളി. ക്രിയേറ്റീവ് അസിസ്റ്റുകളും ആ ബൂട്ടിൽ നിന്നു വന്നില്ല. പോയ ഡിസംബർ ഒന്നു വരെ ഓപ്പൺ പ്ലേയിൽ ശരാശരി 2.4 അവസരങ്ങളായിരുന്നു പാമർ സൃഷ്ടിച്ചതെങ്കിൽ പിന്നീടത് 1.7 ആയി കുറഞ്ഞു. ഏറ്റവുമൊടുവിൽ അവസാന ആറു മത്സരങ്ങളിൽ 0.8 ആയി വലിയതോതിൽ അതടിഞ്ഞു. ഒരുവേള പ്രീമിയർ ലീഗ് അസിസ്റ്റിൽ മുഹമ്മദ് സലാഹിന് പിന്നിൽ രണ്ടാമതായിരുന്നു പാമർ എന്ന് കൂടി ഓർക്കണം. അതേസമയം തന്നെ മധ്യനിരയിൽ സഹ താരങ്ങളുമായുള്ള കോമ്പിനേഷനിലും പ്രശ്നങ്ങൾ നേരിട്ടതോടെ ചെൽസിയുടെ ടീം പ്രകടനത്തേയും അത് ബാധിച്ചു തുടങ്ങി.
ക്രിസ്മസിന് മുൻപ് ലിവർപൂളിനൊപ്പം ടൈറ്റിൽ റേസിലുണ്ടായിരുന്ന ചെൽസി പിന്നീട് ടോപ് ഫോറിൽ നിന്ന് പോലും പുറത്തുപോകുന്ന ദൃശ്യമാണ് ജനുവരിക്ക് ശേഷം കണ്ടത്. മധ്യനിരയിൽ പാമറിന്റെ ഫോം തന്നെയായിരുന്നു പ്രധാന തിരിച്ചടി. ഇംഗ്ലീഷ് താരത്തിന് പന്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിൽ എൻസോ ഫെർണാണ്ടസും മൊയ്സെസ് കയ്സെഡോയും ഉൾപ്പെടെയുള്ള മിഡ്ഫീൽഡർമാർക്ക് പാളിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സ്ട്രൈക്കർ നിക്കോളാസ് ജാക്സൻ പരിക്കേറ്റ് പുറത്തുപോയതും മുന്നേറ്റനിരയിൽ വലിയ തിരിച്ചടിയായി. സീസണിൽ ചെൽസിയുടെ ഡെഡ്ലി കോംബോയായായിരുന്നു ജാക്സൻ-പാൽമർ കൂട്ടുകെട്ട്. നിരവധി ഗോളുകളാണ് ഈ സഖ്യത്തിലൂടെ ബ്ലൂസ് അക്കൗണ്ടിൽ ചേർത്തത്.
കളിക്കളത്തിൽ അയാളൊരു തികഞ്ഞ പോരാളിയാണ്. ഏതു പ്രതികൂല സാഹചര്യത്തിലും തിരിച്ചുവരാനുള്ള കരുത്ത് ആ 22 കാരനുണ്ട്. മത്സരത്തിൽ എവിടെയോവെച്ച് നഷ്ടമായ ആ കോൺഫിഡൻസ് വീണ്ടെടുത്ത് കോൾ പാൽമർ ചെൽസി ഗോൾ മെഷീൻ പാൽമറായി മടങ്ങിയെത്തുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിനെ ഇളക്കി മറിക്കുന്ന ആ ട്രേഡ്മാർക്ക് കോൾഡ് ഗോൾ സെലിബ്രേഷഷനായി കാത്തിരിക്കാം…