‘കോമയിലായിരുന്ന’ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി; സ്വകാര്യ ആശുപത്രിയിൽ നടന്ന തട്ടിപ്പ് വൈറൽ
ന്യൂഡൽഹി: ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വിഡിയോ വൈറലാണ്.
നാട്ടിലുണ്ടായ സംഘർഷത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്നാണ് ദീൻദയാൽ നഗറിലെ താമസക്കാരനായ ബന്തി നിനാമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും, കോമയിലായെന്നുമായിരുന്നു (അബോധാവസ്ഥയിൽ) ബന്ധുക്കളോട് ആശുപത്രി അധികൃതർ പറഞ്ഞത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സക്കായി ഒരു ലക്ഷം രൂപ ഉടനടക്കണമെന്നും പറഞ്ഞു.
സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിടുന്ന കുടുംബം പണത്തിനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തിരുന്ന ബന്ധുക്കൾക്ക് മുന്നിലേക്ക് രോഗി ഇറങ്ങി വന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ, ‘അബോധാവസ്ഥയിലായിരുന്ന’ നിനാമ ഐസിയുവിൽ നിന്ന് പുറത്തേക്ക് നടന്നു വരുന്നത് കാണാം. ഡോക്ടർമാർ വിശദീകരിച്ചതുപോലെയുള്ള ഗുരുതരമായ പരിക്കുകളുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അഞ്ച് ആശുപത്രി ജീവനക്കാർ തന്നെ ബലമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും അവസരം ഒത്തുവന്നതോടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ‘മകന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും കോമയിലായെന്നു അവർ ഞങ്ങളോട് പറഞ്ഞു. വിലകൂടിയ മരുന്നുകളുടെ കുറിപ്പടികൾ തന്നു, അതെല്ലാം വാങ്ങി നൽകി. തുടർ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ കൂടി അടക്കാൻ പറഞ്ഞു. പണത്തിനായി ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകൾ കയറിയിറങ്ങിയാണ് പണം ശേഖരിച്ചതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു’.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയിൽ നടന്ന തട്ടിപ്പുകൾക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രോഗി വലിയ മെഡിക്കൽ തട്ടിപ്പിനാണ് ഇരയായതെന്നും ആശുപത്രിക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ മികച്ച സൗകര്യമൊരുക്കിയാൽ സ്വകാര്യ ആശുപത്രികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും പ്രതികരണങ്ങൾ ഉണ്ട്.