ബിഎ പാസാകാതെ ആർഷോക്ക് എംഎ പ്രവേശനം നൽകിയതായി പരാതി
കൊച്ചി: ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ വിജയിക്കാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് എംഎ കോഴ്‌സിൽ പ്രവേശനം നൽകിയതായി പരാതി. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സിൽ പ്രവേശനം നേടിയ ആർഷോക്ക് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാവാതെ പിജിക്ക് തുല്യമായ ഏഴാം സെമസ്റ്ററിന് അഡ്മിഷൻ നൽകിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി.passing
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ 10 ശതമാനം മാത്രം ഹാജരുള്ള ആർഷോക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകി. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറിടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോക്ക് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നൽകിയതെന്നാണ് ആരോപണം.
ജൂണിന് മുമ്പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദം ഒഴികെ എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തി. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷാഫലം ഇല്ലാതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷയെഴുതാൻ അർഹതയില്ലാത്ത ആർഷോയെക്കൂടി പിജി ക്ലാസിൽ പ്രവേശിപ്പിച്ചത്. ആർഷോക്ക് എംഎ ക്ലാസിലേക്ക് കയറ്റം നൽകാനാണ് ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷ നടത്താതിരുന്നതെന്നും ആരോപണമുണ്ട്.