ഫ്രീസറുകൾ തകരാറിൽ; ഗവ. ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയെന്ന് പരാതി

പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായത് കാരണം മൃതദേഹം കുറഞ്ഞ ചെലവിൽ സൂക്ഷിക്കാനെത്തുന്നവർ ദുരിതത്തിൽ. പറവൂർ, വൈപ്പിൻ മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതോടെയാണ് സംഭവം വിവാദമായത്. ഫ്രീസറുകളെല്ലാം തകരാറിലായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.
നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപത്രിയിലുണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറിന് 15 വർഷം പഴക്കമുണ്ട്. കാലപ്പഴക്കവും മറ്റു പ്രശ്‌നങ്ങളും കാരണം അടിക്കടി കേടാവുന്നു. പലതവണ നന്നാക്കിയിട്ടും തകരാർ പരിഹരിക്കാനായില്ല. നാല് വർഷം മാത്രമേ പഴക്കമുള്ളുവെങ്കിലും മൊബൈൽ ഫ്രീസറും തകരാറിലാണ്. 16ന് മരിച്ച പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചപ്പോൾ അഴുകിയ നിലയിലായത്.
അസ്വഭാവിക മരണമെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പോസ്റ്റ്‌മോർട്ടം ആവശ്യമായി വന്നതിനാൽ പിറ്റേന്ന് രാവിലെ എട്ടിന് മൃതദേഹം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടത്തെ സർജനാണ് മൃതദേഹം അഴുകിയ വിവരം ബന്ധുക്കളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ബസിൽനിന്ന് വീണ് മരിച്ച കുഞ്ഞിത്തൈ സ്വദേശിനിയായ യുവതിയുടെ മൃതദേഹം പ്രതിസന്ധി കാരണം ഇവിടെ സൂക്ഷിക്കാനാകാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. 1,000 രൂപയാണ് മൃതദേഹം സൂക്ഷിക്കുന്നതിനുള്ള തുക. എന്നാൽ, ഇവിടെ കൂടുതൽ തുക നൽകി സ്വകാര്യ ആശുപത്രികളിലെ മോർച്ചറിയിലേക്ക് മാറ്റേണ്ടിവരുന്നത് പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്നു.
മോർച്ചറിയുടെ ഫ്രീസർ പലതവണ തകരാറിലായിട്ടും നഗരസഭ, ആശുപത്രി അധികൃതർ നടപടിയെടുക്കാതിരുന്നത് പ്രതിഷേധാർഹമാണെന്നും മൃതദേഹം അഴുകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും നഗരസഭ പ്രതിപക്ഷ നേതാവ് സി.എ. രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പുതിയ ഫ്രീസർ സ്ഥാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അടിയന്തര എച്ച്.എം.സി യോഗം ചേർന്ന് പുതിയ ഫ്രീസർ വാങ്ങാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഒരേസമയം ആറ് മൃതദേഹങ്ങൾ വെക്കാൻ കഴിയുന്ന പുതിയ ഫ്രീസർ ഒരു മാസത്തിനകം സ്ഥാപിക്കുമെന്നും നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ് പറഞ്ഞു. സംഭവത്തിൽ നഗരസഭയുടെ അനാസ്ഥക്കെതിരെ സി.പി.എം നേതൃത്വത്തിൽ വെള്ളിയാഴ്ച ഗവ. ആശുപത്രിയിലേക്ക് മാർച്ച് നടത്തും.
