ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി കുത്തിവെച്ചെന്ന് പരാതി
ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ യുവതിയ്ക്ക് എച്ച്ഐവി കുത്തിവെച്ചെന്ന് പരാതി. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം.Complaint
2023 ഫെബ്രുവരി 15 ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നുള്ള നാതിറാം സൈനിയുടെ മകൻ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകൾ സോണാൽ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വിവാഹത്തിൽ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടാൻ തുടങ്ങി.
ഇതിന് വഴങ്ങാത്തതിനാൽ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്നും തന്റെ മകൾക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയിൽ പറഞ്ഞു.
ഇതിന് പിന്നാലെ എച്ച്ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. അതോടെ മാതാപിതാക്കൾ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്‌വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.