‘അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ സഖാക്കൾ തന്നെ എകെജി സെന്റർ തകർക്കും; പാർട്ടി ഇല്ലാതാകും’
മലപ്പുറം: തന്റെ അന്വേഷണത്തിൽ കുറേ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും എല്ലാം പങ്കുവയ്ക്കാൻ കഴിയില്ലെന്നും പി.വി അൻവർ എംഎൽഎ. അറിഞ്ഞ വിഷയങ്ങൾ പുറത്തുപറഞ്ഞാൽ പാർട്ടി തകരുമെന്നും സഖാക്കൾ തന്നെ എകെജി സെന്റർ പൊളിക്കുമെന്നും അൻവർ നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.AKG
സിപിഎം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. പാവങ്ങളെ ഉന്നതിയിൽ എത്തിക്കാനാണ് കമ്യൂണിസം. ഞാൻ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും പഠിച്ചിട്ടില്ല. പാവങ്ങളെ സ്‌നേഹിക്കൽ, വർഗീയതയ്‌ക്കെതിരായ നിലപാട് എന്നിവയെല്ലാമാണു നയമെന്ന് മനസിലാക്കിയാണ് ആളുകൾ ഈ പാർട്ടിയിൽ നിൽക്കുന്നതെന്നും അൻവർ പറഞ്ഞു.
”പാർട്ടി എന്ന പേരിൽ എല്ലാവരെയും നിശബ്ദമാക്കുകയാണിപ്പോൾ. ഗോവിന്ദൻ മാഷ് പോലും മനസ്സുതുറക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. ഗതികേട് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായത്. അദ്ദേഹത്തിന്റെ സ്ഥിതി ഇതാണെങ്കിൽ മറ്റുള്ളവരുടെ ഗതി എന്താകും?
ഉന്നത നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം. സാധാരണക്കാർക്കു മിണ്ടാൻ പറ്റില്ല എന്നതാണു സ്ഥിതി. വർഗീയതയുമായി കോൺഗ്രസ് അഡ്ജസ്റ്റ് ചെയ്തതോടെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. സിപിഎം നയവ്യതിയാനത്തിൽ തനിക്ക് സ്വാഭാവികമായും സങ്കടമുണ്ടാകും.”
ഞാൻ പറയുന്നതിൽ വസ്തുത ഉണ്ടോ എന്ന് നോക്കി തന്നെ കല്ലെറിയണം. മുഖ്യമന്ത്രിയുടെ ഓഫിസ് നിൽക്കുന്നത് അഗ്നിപർവതത്തിന്റെ മുകളിലാണ്. ഞാൻ അറിഞ്ഞ വിഷയങ്ങൾ പുറത്തുപറഞ്ഞാൽ സഖാക്കൾ തന്നെ എകെജി സെന്റർ പൊളിക്കും. എന്റെ അന്വേഷണത്തിൽ കുറേ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്. എല്ലാം പങ്കുവയ്ക്കാൻ കഴിയില്ല. അത് പാർട്ടിയെ ഇല്ലാതാക്കും. പക്ഷേ എന്നെ കുടുക്കാനാണു ശ്രമമെങ്കിൽ അപ്പോൾ നമുക്ക് നോക്കാം. നല്ലവരായ നേതാക്കളുടെ കൈയിൽ പാർട്ടി വരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസ് പോലും അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിലുടനീളം പൊലീസ് കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയാണ്. പാർട്ടി നേതാക്കളോടുപോലും പിണറായി വിജയൻ സംസാരിക്കാറില്ല. പി. ശശിയും അജിത് കുമാറും മാത്രം മതി. പാർട്ടിക്ക് റിയാസ് മാത്രം പോരാ. പി. ശശിയെ മാതൃകാപ്രവർത്തനം നടത്തുന്ന ആളെന്ന് മുഖ്യമന്ത്രി മാത്രമേ പറയൂ. ശശിയെ കുറിച്ച് മാതൃകാമനുഷ്യനെന്ന് ഇന്ത്യയിൽ പിണറായി വിജയനു മാത്രമേ പറയാൻ കഴിയൂ. മറ്റേതു സഖാവും ശശിയെ കുറിച്ചു നല്ലത് പറയില്ല. പിന്നീട് എന്തിനാണ് ശശിയെ കെട്ടിപ്പിടിച്ച് നടക്കുന്നത്. പിണറായി വിജയനെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണ്. ഈ നിലയ്ക്കാണെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി. എല്ലാ ബഹുമാനത്തോടെയുമാണ് ഇത് പറയുന്നതെന്നും അൻവർ പറഞ്ഞു.
തൃശൂർ പൂരം കലക്കാൻ നിർദേശം നൽകിയത് കേന്ദ്രത്തിൽനിന്ന് സഹായം വേണ്ടവരാണ്. ബിജെപിയെ ജയിപ്പിച്ച് കേന്ദ്രവുമായി അഡ്ജസ്റ്റ് ചെയ്യേണ്ട ആവശ്യമുള്ളവരാണ് കലക്കലിനു പിന്നിൽ. അജിത് കുമാറിന് നിർദേശം ലഭിച്ചതിനാലാണ് ബിജെപിക്ക് സീറ്റ് നേടിക്കൊടുത്തത്. തൃശൂരിൽ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് അജിത് കുമാറാണ്. അജിത് കുമാറിന് നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇതു നടന്നത്.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇങ്ങനെയൊന്നും പ്രവർത്തിക്കാൻ കഴിയില്ല. ഈ തോന്നിവാസം മുഴുവൻ മുഖ്യമന്ത്രിയുടെ അറിവോടെയാണു നടക്കുന്നത്. തന്നെ വിമർശിക്കുന്ന സിപിഎം നേതാക്കൾക്ക് കുറച്ചു കഴിഞ്ഞ് നേരംവെളുത്തോളും. തന്നെ കള്ളനാക്കാൻ നോക്കിയാൽ അത് വകവച്ചുകൊടുക്കില്ല. മറ്റ് എന്തു വിമർശനവും ഉൾകൊള്ളും. പേടിപ്പിച്ചാൽ പിൻവാങ്ങുന്ന ആളല്ല പി.വി അൻവർ. ഉമ്മാക്കി കാണിച്ച് ആരും പേടിപ്പിക്കേണ്ട. ദൈവത്തിനും പാർട്ടി സഖാക്കൾക്കും മാത്രമേ കീഴ്‌പ്പെടൂവെന്നും പി.വി അൻവർ വ്യക്തമാക്കി.