കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നു; കാനഡ ഇനി സ്വപ്‌നം മാത്രമാകുമോ? ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
ഒട്ടാവ: ഇന്ത്യക്കാരുടെ സ്വപ്‌നരാജ്യങ്ങളിലൊന്നാണ് കാനഡ. കുടിയേറ്റക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നായതു തന്നെ പ്രധാന കാരണം. ലോകത്തെങ്ങുമുള്ള കുടിയേറ്റ തൊഴിലാളികളെയും വിദ്യാർഥികളെയും ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ കാനഡയിലുണ്ട്; ഉയർന്ന ജീവിതനിലവാരം മുതൽ ആരോഗ്യ പരിരക്ഷയും സുരക്ഷയും വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളുമെല്ലാം ഉൾപ്പെടെ. നയനമനോഹരമായ ഭൂമിശാസ്ത്രമെല്ലാം അതിനും പിറകിലേ വരൂ.Canada
എന്നാൽ, അടുത്തിടെ ഇന്ത്യയുമായി ഉടലെടുത്ത നയതന്ത്രയുദ്ധം കാനഡയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു. ഇപ്പോഴിതാ അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് തങ്ങൾ കടക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണു കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിദ്യാഭ്യാസ-തൊഴിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് കുത്തനെ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഈ വടക്കൻ അമേരിക്കൻ രാജ്യം.
രാജ്യത്തിന്റെ കുടിയേറ്റനയം വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഇമിഗ്രേഷൻ ലെവെൽസ് പ്ലാൻ പ്രഖ്യാപിക്കാറുണ്ട് കാനഡ. തൊട്ടടുത്ത വർഷത്തേക്കും അതിനുശേഷമുള്ള രണ്ടു വർഷത്തേക്കുമുള്ള പ്ലാനുകൾ ഇതിലുണ്ടാകും. സാധാരണ കുടിയേറ്റ മന്ത്രിയാണ് പദ്ധതി പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ പക്ഷേ അസാധാരണമായി പ്രധാനമന്ത്രി ട്രൂഡോ നേരിട്ട് പ്രഖ്യാപനം ഏറ്റെടുക്കുകയായിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള നീക്കമാണിത്. അടുത്ത വർഷം ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രൂഡോവിന്റെ ജനപ്രീതി കുത്തനെ ഇടിയുകയാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. പാർപ്പിട വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ കാരണം ജനരോഷവും ശക്തമായിരുന്നു. മധ്യമവും നിയന്ത്രിതവുമായ സമീപനം സ്വീകരിക്കുക എന്ന താൽപര്യത്തോടെയാണു പുതിയ കുടിയേറ്റ നയമെന്നു കുടിയേറ്റ മന്ത്രി മാർക് മില്ലർ അവകാശപ്പെടുന്നുണ്ടെങ്കിലും തീരുമാനം രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കുക കൂടി മുന്നിൽ കണ്ടാണു കുടിയേറ്റ നയങ്ങളിലെ മാറ്റമെന്നാണു ട്രൂഡോ പരസ്യമായി പറഞ്ഞത്.
എന്താണ് പുതിയ കുടിയേറ്റ നയം?
ഏറെ വർഷങ്ങൾക്കുശേഷമാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ നയപരമായ തീരുമാനം കൈക്കൊള്ളുന്നത്. കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കുകളെല്ലാം വെട്ടിച്ചുരുക്കിയാണ് ഇത്തവണ എമിഗ്രേഷൻ ലെവെൽസ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2025ൽ 3,95,00 പേർക്ക് പുതിയ പെർമെനന്റ് റെസിഡന്റ് വിസ നൽകിയാൽ മതിയെന്നാണു പുതിയ പ്രഖ്യാപനം. 2024ലെ 4,85,000ത്തിൽനിന്നാണ് ഇത്രയും വലിയൊരു മാറ്റം. പ്രവിശ്യ ഭരണകൂടങ്ങൾ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, വിദഗ്ധ തൊഴിലാളികൾക്കായുള്ള ഫെഡറൽ ഹൈ സ്‌കിൽഡ് പ്രോഗ്രാം, താൽക്കാലിക താമസക്കാർ, സ്റ്റുഡന്റ് പെർമിറ്റ്, ടെംപററി ഫോറീൻ വർക്കർ പ്രോഗ്രാം, ബിരുദ വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വിസ പെർമിറ്റുകൾ എന്നിവയെല്ലാം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായി പുതിയ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സ്ഥിരം താമസക്കാരുടെ(പെർമെനന്റ് റെസിഡന്റ്) എണ്ണം 2026ൽ 3,80,000 ആയി കുറയ്ക്കും. കഴിഞ്ഞ വർഷം പുറത്തുവിട്ട ലെവെൽസ് പ്ലാനിൽ 2026 ആകുമ്പോഴേക്കും അഞ്ചു ലക്ഷം പേരെ സ്വീകരിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2027ൽ 3,65,000 പേരായും എണ്ണം കുറയ്ക്കും.
വിദേശ തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാൻ പോകുകയാണെന്ന് ട്രൂഡോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാനഡ പൗരന്മാർക്കു പകരം വിദേശികളെ നിയമിക്കണമെങ്കിൽ കമ്പനികൾക്ക് കടുത്ത മാനദണ്ഡങ്ങൾ വയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശികൾക്ക് കാനഡയിൽ ജോലി ലഭിക്കുക കൂടുതൽ ദുഷ്‌ക്കരമാകുമെന്നാണു പുതിയ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.
വിദ്യാർഥികളെ എങ്ങനെ ബാധിക്കും?
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഈ വർഷം ആദ്യത്തിൽ തന്നെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(ഐആർസിസി) പ്രഖ്യാപിച്ചിരുന്നു. ബിരുദ വിദ്യാർഥികൾക്കുള്ള പുതിയ സ്റ്റഡി പെർമിറ്റുകൾ 2024ൽ 3,60,000ലേക്ക് കുറയ്ക്കുമെന്നായിരുന്നു അന്നു പ്രഖ്യാപിച്ചിരുന്നത്. ഈ നിയന്ത്രണം പിന്നീട് പിജി-പിഎച്ച്ഡി വിഭാഗത്തിലും നടപ്പാക്കിയിരിക്കുകയാണ്. ബിരുദാനന്ത വിദ്യാർഥികൾക്ക് തൊഴിൽ ചെയ്യാൻ അവസരം നൽകുന്ന പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്‌സ്(പിജിഡബ്ല്യുപി) പദ്ധതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കരിക്കുലം ലൈസൻസിങ് കരാറുള്ള കോഴ്‌സുകൾ ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഇനിമുതൽ പിജിഡബ്ല്യുപിക്ക് യോഗ്യതയുണ്ടാകില്ല.
സ്റ്റുഡന്റ് പെർമിറ്റ് മൂന്ന് ലക്ഷമാക്കി കുറയ്ക്കാനും നേരത്തെ തീരുമാനമുണ്ട്. പിജിഡബ്ല്യുപി 1,75,000 കുറയ്ക്കും. പങ്കാളികൾക്കുള്ള വർക് പെർമിറ്റ് 1,50,000 ലക്ഷവും കുറയ്ക്കാൻ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഡിമാൻഡ് ഉള്ള കോഴ്‌സുകളിലെ ബിരുദധാരികൾക്കു മാത്രമാക്കി പിജിഡബ്ല്യുപി ചുരുക്കും. ഈ പെർമിറ്റ് ലഭിക്കാൻ വീണ്ടും ലാംഗ്വേജ് ടെസ്റ്റ് നിർബന്ധമാക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ചുരുങ്ങിയത് 18 മാസം ദൈർഘ്യമുള്ളതായിരിക്കണം. ഹൈ ഡിമാൻഡ് മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പങ്കാളികൾക്കു മാത്രമാക്കി സ്പൗഷൽ ഓപൺ വർക് പെർമിറ്റ് ചുരുക്കാനും തീരുമാനമുണ്ട്.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തൊഴിലെടുക്കുകയോ സ്ഥിരം താമസക്കാരായി കഴിയുകയോ ചെയ്യുന്ന അഞ്ചാമത്തെ വിദേശരാജ്യമാണ് കാനഡ. യുഎഇയും യുഎസും സൗദി അറേബ്യയും ബ്രിട്ടനുമാണ് മുന്നിലുള്ളത്. കനേഡിയൻ ജനസംഖ്യയുടെ മൂന്ന് ശതമാനവും ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ്. ഇത് 1.86 ദശലക്ഷത്തോളം വരുമെന്നാണു കണക്ക്. കാനഡ കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതോടെ ഇന്ത്യക്കാരെയും വലിയ തോതിൽ അതു ബാധിക്കുമെന്ന് ഉറപ്പാണ്.