അഴിമതി, വഞ്ചനാക്കുറ്റം: നെതന്യാഹുവിന്റെ വിചാരണ തുടങ്ങി
തെൽ അവീവ്: വിവിധ കേസുകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ വിചാരണ തുടങ്ങി. തെൽ അവീവിലെ കോടതി മുറിയിൽ ചൊവ്വാഴ്ചയാണ് അദ്ദേഹം വിചാരണക്കായി ഹാജരായത്. ആദ്യമായാണ് നെതന്യാഹു വിചാരണക്ക് എത്തുന്നത്. തനിക്കെതിരായ ആരോപണങ്ങൾ അസംബന്ധങ്ങളുടെ മഹാസമുദ്രമാണെന്നാണ് അദ്ദേഹം പറഞ്ഞു. നാല് മണിക്കൂർ നീണ്ട വിചാരണ ബുധനാഴ്ചയും തുടരും.
ഇസ്രായേലിൽ ഏറ്റവും കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹുവിനെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണുള്ളത്. കൈക്കൂലി, വഞ്ചന, പൊതുവിശ്വാസ ലംഘനം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം നിരന്തരം പറയുന്നത്.
‘സത്യം പറയാനുള്ള ഈ സമയത്തിനായി ഞാൻ എട്ട് വർഷമായി കാത്തിരിക്കുകയാണ്. പക്ഷെ, ഞാൻ ഒരു പ്രധാനമന്ത്രിയാണ്. സപ്തമുഖ യുദ്ധത്തിലൂടെയാണ് ഞാൻ രാജ്യത്തെ നയിക്കുന്നത്. രണ്ടും സമാന്തരമായി ചെയ്യാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്’ -നെതന്യാഹു ജഡ്ജിയോട് പറഞ്ഞു. വിചാരണക്കിടെ അദ്ദേഹത്തിെൻറ സൈനിക സെക്രട്ടറി രണ്ട് തവണ രേഖാമൂലമുള്ള സന്ദേശങ്ങൾ നൽകുകയുണ്ടായി.
ഗസ്സയിൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടെയാണ് നെതന്യാഹു വിചാരണക്കായി ഹാജരാകുന്നത്. 14 മാസമായി തുടരുന്ന യുദ്ധം അധികാരത്തിൽ തുടരാനായി നെതന്യാഹു നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. വെടിനിർത്തൽ കരാർ നടപ്പാകാതിരിക്കാൻ നെതന്യാഹു ശ്രമിക്കുകയാണെന്നും വിമർശനമുണ്ട്. സിറിയയിലും ഇപ്പോൾ ഇസ്രായേൽ അധിനിവേശം ആരംഭിച്ചിട്ടുണ്ട്. നെതന്യാഹുവിെൻറ വിചാരണ നടക്കുന്നതിനിടെ കോടതിയുടെ പരിസരത്ത് ബന്ദികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി അണിനിരന്നിരുന്നു.
കേസ് 1000, കേസ് 2000, കേസ് 4000 എന്നിങ്ങനെ മൂന്ന് കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. 2019ലാണ് കേസുകൾ ഫയൽ ചെയ്യുന്നത്. സ്വകാര്യ ബിസിനസ് താൽപ്പര്യങ്ങൾക്കുള്ള സഹായത്തിന് പകരമായി ശതകോടീശ്വരനായ ഹോളിവുഡ് നിർമാതാവിൽനിന്ന് നെതന്യാഹുവും ഭാര്യ സാറയും വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് കേസ് 1000.
തനിക്ക് അനുകൂലമായ വാർത്തകൾ നൽകുന്നതിന് പകരം ഇസ്രായേലി പത്രത്തിന് നിയന്ത്രങ്ങളിൽ ഇളവ് നൽകിയെന്നാണ് കേസ് 2000. സമാനമായി ഇസ്രായേലി ടെലികമ്യൂണിക്കേഷൻ കമ്പനിയായ ബെസെകിനും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെന്നാണ് കേസ് 4000.
കേസുകളിൽ 2020ലാണ് വിചാരണ ആരംഭിച്ചത്. നെതന്യാഹുവിെൻറ അടുത്ത അനുയായികൾ ഉൾപ്പെടെ സാക്ഷികളായി കോടതി വിസ്തരിച്ചിരുന്നു. അതേസമയം, കേസിൽ 2026 വരെ വിധി വരാൻ സാധ്യതയില്ല. വിധിക്കെതിരെ നെതന്യാഹുവിന് സുപ്രിംകോടതിയെ സമീപിക്കാനും സാധിക്കും.