എഡിജിപിക്കെതിരെ വീണ്ടും സിപിഐ; കൂടിക്കാഴ്ചയുടെ ലക്ഷ്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുന്നതായി ഇ. ചന്ദ്രശേഖരൻ

Chandrasekaran

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി അജിത്കുമാറിനെ തള്ളി സിപിഐ. കൂടിക്കാഴ്ച ഗൗരവമേറിയ പ്രശ്നമാണെന്നും അതിനു പിന്നിലെ ലക്ഷ്യങ്ങൾ സംബന്ധിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ.പി ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.Chandrasekaran

എഡിജിപിയുടെ സന്ദർശനത്തെ ന്യായീകരിക്കാൻ ആരും നിന്നിട്ടില്ല. ഇനിയും ആവശ്യമായ അന്വേഷണം നടക്കും. ഏത് ഉദ്യോഗസ്ഥൻ അത്തരം നിലപാട് സ്വീകരിച്ചാലും കർക്കശ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകാൻ കഴിയണം. എൽഡിഎഫിന്റെ വിജയമായിട്ടേ അതിനെ കാണാൻ കഴിയൂ. കൂടുതൽ തീരുമാനങ്ങൾ പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ഇ.പി ചന്ദ്രശേഖരൻ, അജിത് കുമാറിനെതിരെ ഇനിയും നടപടിയുണ്ടാവുമെന്ന സൂചന നൽകുകയും ചെയ്തു.

മതന്യൂനപക്ഷത്തിനും കമ്യൂണിസ്റ്റുകാർക്കും എതിരായാണ് ആർഎസ്എസ് രൂപീകരിച്ചത്. അങ്ങനെയൊരു സംഘടനയുമായി ബന്ധമുണ്ടെന്ന് പറയുന്നത് അംഗീകരിക്കാൻ ആകില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്ന് പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

ആർഎസ്എസിനെ എതിർക്കേണ്ടതിന്‍റെ അനിവാര്യതയെ കുറിച്ച് പറയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ദേശീയ തലത്തിലോ സംസ്ഥാനതലത്തിലോ ആർഎസ്എസുമായി ബന്ധപ്പെടുന്ന ഒരു കാര്യത്തെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ നടപടി സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടതാണെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്നു പറഞ്ഞ ബിനോയ് വിശ്വം, നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *