‘പരാജയം പുത്തരിയല്ല, തെറ്റുതിരുത്തി തിരിച്ചുവരും’; എൽ.ഡി.എഫിന് മൂന്നാം ഊഴം ഉറപ്പെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും പരാജയം പുത്തരിയല്ല. രാജയപ്പെട്ടാൽ അതോടുകൂടി എല്ലാം തീർന്നുവെന്ന് ചിന്തിക്കുന്നില്ല. ജനങ്ങൾ തന്ന മുന്നറിയിപ്പായി പരാജയത്തെ കാണുന്നു. തെറ്റുതിരുത്തൽ കമ്യൂണിസ്റ്റ് ഗുണമാണ്. വീഴ്ചകൾ തിരുത്തി പാർട്ടി തിരിച്ചുവരും, മുന്നേറും. എൽ.ഡി.എഫിന്റെ മൂന്നാം ഊഴം ഉറപ്പാണ്. ശബരിമലയിലെ സ്വത്ത് അപഹരിച്ചവരോട് വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
“എൽ.ഡി.എഫ് സർക്കാർ ചെയ്ത എണ്ണമറ്റ കാര്യങ്ങൾ കേരളത്തിന്റെ എല്ലാ തുറകളിലും ഉണ്ടാക്കിയ മാറ്റങ്ങൾ നീണ്ടുപരന്ന് കിടക്കുന്നവയാണ്. അതുകൊണ്ടുത്തന്നെ ജനങ്ങളുടെ വോട്ട് എൽ.ഡി.എഫിനുള്ള വിജയ വോട്ടുകളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ ഫലവത്തായില്ല. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാൽ അതോടുകൂടി എല്ലാം തീർന്നുവെന്ന് ചിന്തിക്കുന്നില്ല. ചരിത്രം ആർക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ല. കാലത്തിന്റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നത്. എല്ലാത്തിനെക്കാളും വലുത് ജനങ്ങളാണ്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കുന്നു.
ജനങ്ങൾ തന്ന മുന്നറിയിപ്പായി ഈ പരാജയത്തെ കാണുന്നു. ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ് പാർട്ടിക്ക് മടിയില്ല. പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാൻ പാർട്ടി ശ്രമിക്കും. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റുകൾ തിരുത്തും. തെറ്റുതിരുത്തൽ കമ്യൂണിസ്റ്റ് ഗുണമാണ്. വീഴ്ചകൾ തിരുത്തി പാർട്ടി തിരിച്ചുവരും, മുന്നേറും. എൽ.ഡി.എഫിന്റെ മൂന്നാം ഊഴം ഉറപ്പാണ്. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചക്കില്ല. അതുകൊണ്ടാണ് സർക്കാർ എസ്.ഐ.ടി അന്വേഷണം തടയാതിരുന്നത്. അന്വേഷണം നിർബാധം മുന്നോട്ട് പോകണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. അതാണ് സിപിഐയുടെയും എൽഡിഎഫിന്റെയും നിലപാട്” -ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിക്ക് പകരംകൊണ്ടുവന്ന പുതിയ ബില്ലിനെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ ഗ്രാമങ്ങളെ പ്രതീക്ഷയുടെ കേന്ദ്രമാക്കി മാറ്റിയ പദ്ധതിയായിരുന്നു മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി. മഹാത്മാഗാന്ധിയെ കൊന്ന ആർ.എസ്.എസും ബി.ജെ.പിയും ആ പദ്ധതിയെ കൊന്നുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് വ്യക്തമാക്കുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഭരണവിരുദ്ധവികാരത്തിനൊപ്പം ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും ശബരിമല വിവാദവും വിനയായി. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്തത് ന്യൂനപക്ഷങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റിയെന്നും സി.പി.ഐ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സർക്കാറിലും മുന്നണിയിലും സി.പി.എമ്മിന് ഏകാധിപത്യമാണ്. സർക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റക്ക് സ്വീകരിക്കുന്നു. ജില്ല മുതലുള്ള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല. ഇടത് നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് പ്രശ്നമാകുന്നു. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയിലും മുന്നണിയിലും ആരുമില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ വിമര്‍ശിച്ചു.
