സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ക്രമക്കേട്; ആരോപണം ആവർത്തിച്ച് കണ്ണൂർ ജില്ല കമ്മിറ്റി അംഗം
പയ്യന്നൂർ (കണ്ണൂർ): ജില്ലയിലെ സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന, പാർട്ടിയിൽ മുമ്പ് ഉന്നയിച്ച ആരോപണമാണ് കുഞ്ഞികൃഷ്ണൻ പരസ്യമായി ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ആരോപണവുമായി വീണ്ടും രംഗത്തെത്തിയത്. പാർട്ടിയിൽ ഉന്നയിച്ചെങ്കിലും നടപടി ഇല്ലാത്തതിനാലാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തിരിമറി നടത്തിയതായി ആരോപിക്കുന്നത്.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടിയോളം രൂപ പിരിച്ചെടുത്ത് ഇതിൽനിന്ന് വലിയ തുക വകമാറ്റിയതായും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിൽ വന്ന കടം വീട്ടിയതായും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘‘പലിശ ഉൾപ്പെടെ 10 ലക്ഷം രൂപ കാണാനില്ല. 2021ൽ മാത്രമാണ് ഇതിന്റെ കണക്കു പറഞ്ഞത്. ഇത് താൻ ഓഡിറ്റ് ചെയ്തപ്പോഴാണ് തിരിമറി കണ്ടെത്തിയത്. ഓഫിസ് ഉദ്ഘാടനത്തിന് പയ്യന്നൂർ ഏരിയയിലെ സഹകരണ ജീവനക്കാർ ഒരുദിവസത്തെ ശമ്പളം നൽകിയിരുന്നു. 70 ലക്ഷത്തോളം വരുന്ന ഈ തുക വരവിൽ കാണിച്ചിരുന്നില്ല. ഇത് കാണിച്ചെങ്കിൽ കടം വരില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലും വലിയ തിരിമറി നടന്നു. ഇത് ഓഡിറ്റ് ചെയ്തപ്പോൾ വിചിത്രമായ നിലയാണ് ഉണ്ടായത്. ഇതാണ് ധനരാജ് ഫണ്ട് ഓഡിറ്റ് ചെയ്യാൻ തീരുമാനിക്കാൻ കാരണം. തെരഞ്ഞെടുപ്പു ഫണ്ട് പിരിച്ചെടുക്കാൻ രണ്ടുതരത്തിലുള്ള രസീത് ഉപയോഗിച്ചതായി കണ്ടെത്തി. പ്രസിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു പുസ്തകം അച്ചടിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആറ് പുസ്തകങ്ങൾ ഇതുവരെ ആരും കണ്ടിട്ടില്ല’’ -കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഫണ്ട് തിരിമറി അന്വേഷിക്കാൻ നിയോഗിച്ച ടി.വി. രാജേഷ്, പി.വി. ഗോപിനാഥ് എന്നിവർ അംഗങ്ങളായ കമീഷൻ പാർട്ടിക്ക് നഷ്ടം വരുത്തിയില്ല എന്നാണ് പറഞ്ഞത്. കണക്ക് അവതരിപ്പിക്കാൻ വൈകിയതിനു മാത്രമാണ് നടപടി ഉണ്ടായത്. ഇ.പി. ജയരാജനെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴും കമീഷന്റെ നടപടി ഏകപക്ഷീയമായിരുന്നു. തെറ്റ് ചെയ്തവരെ വെള്ളപൂശാനും തെറ്റു ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാനുമാണ് കമീഷൻ. ഏരിയ കമ്മിറ്റിയിലെ 17 പേർ എതിർത്തിട്ടും തന്നെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടിക്കുള്ളിൽ പോരാടാനായിരുന്നു നേതാക്കൾ വിളിച്ചപ്പോൾ പാർട്ടിയിലേക്ക് തിരിച്ചുപോയത്. എന്നാൽ, ആ പ്രതീക്ഷ അസ്തമിച്ചതിനാലാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കാരയിൽ വിമത സ്ഥാനാർഥി ജയിക്കുകയും 25ഓളം അംഗങ്ങൾ ഉൾപ്പെടെ വിഘടിച്ച് നിൽക്കുകയും ചെയ്യുന്ന പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമം നടത്തുമ്പോൾ പഴയ ആരോപണം പരസ്യമാക്കി ജില്ല കമ്മിറ്റി അംഗം രംഗത്തെത്തിയത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്
