പോറ്റിയെ കേറ്റിയെ പാട്ടിൽ യു ടേൺ അടച്ച് സിപിഐഎം; പാർട്ടിക്ക് ഒരു ബന്ധവുമില്ല, പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതിയെന്നും വാദം

 

പോറ്റിയെ കേറ്റിയെ പാട്ടിൽ യു ടേൺ അടച്ച് സിപിഐഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണ്. പാർട്ടിക്ക് ഒരു ബന്ധമില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഐഎം.

കൃത്യമായ നിലപാട് എടുക്കുന്ന പാർട്ടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം ആണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ച് തീരുമാനിക്കുമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

പാർട്ടി പാട്ടിന് എതിരല്ല. തിരിച്ചടി മുന്നിൽ കൊണ്ടുള്ള പിന്മാറ്റമല്ല. പത്മകുമാർ വിഷയം, സംസ്ഥാന നേതൃത്വം ആണ് അത് സംബന്ധിച്ച് നിർദ്ദേശം നൽകേണ്ടത്. നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടിയിലേക്ക് പോകുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.

പോറ്റിയേ കേറ്റിയേ പാരഡി പാട്ട് കേസിൽ യു ടേണ്‍ അടിച്ച് പൊലീസും സർക്കാരും. വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദ്ദേശം നൽകി. പാട്ടിൻെറ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. പാട്ട് നീക്കം ചെയ്യരുതെന്ന് മെറ്റയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിലനിൽക്കില്ല തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *