ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സി.പി.എം പ്രവർത്തകരെത്തി നിർത്തിവെപ്പിച്ചു, കണ്ണൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷം
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്.
ഗാനമേളക്കിടെയാണ് ഗണഗീതം ആലപിച്ചത്. സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്ന് ഗായകസംഘം വിശദീകരിച്ചു. എന്നാൽ, പാട്ട് ആരംഭിച്ചയുടൻ രണ്ട് സി.പി.എം പ്രവർത്തകർ വേദിയിലേക്ക് വന്ന പാട്ട് നിർത്തിവെപ്പിക്കുകയായിരുന്നു.
ക്ഷേത്ര സംഘാടക സമിതിയിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
