സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതി; ബംഗാളിൽ മുൻ എംപിയെ പുറത്താക്കി സിപിഎം
കൊൽക്കത്ത: സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ എംപിയെ പുറത്താക്കി പശ്ചിമ ബംഗാൾ സിപിഎം. മൂന്നു തവണ ലോക്‌സഭാ എംപിയായ ബൻസ ഗോപാൽ ചൗധരിക്ക് എതിരെയാണ് നടപടി. എപ്രിൽ 20നാണ് ജിയാഗഞ്ച്-അസിംഗഞ്ച് മുനിസിപ്പാലിറ്റി മുൻ കൗൺസിലറായ വനിതാ നേതാവ് ഗോപാൽ ചൗധരിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരോപണമുന്നയിച്ചത്. വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശമയച്ചു എന്നായിരുന്നു പരാതി. ബൻസ ഗോപാൽ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും അവർ പങ്കുവെച്ചിരുന്നു. ഗോപാൽ ചൗധരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.CPM
അസൻസോളിൽ നിന്നാണ് ഗോപാൽ ചൗധരി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിന് മുമ്പ് ബംഗാളിലെ ഇടത് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. നിലവിൽ സിപിഎം ബർദ്വാൻ ജില്ലാ കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ വർഷം നവംബറിൽ വിഷയം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു. വിഷയം പാർട്ടിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ പരിഗണനയിലായിരുന്നു. ചൗധരി അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് വനിതാ നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പെട്ടെന്ന് നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ് ചൗധരിയെ പുറത്താക്കിയ വിവരം പാർട്ടി പുറത്തുവിട്ടത്. നടപടിക്ക് കാരണമെന്താണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നില്ല.
അതേസമയം ആരോപണങ്ങൾ ചൗധരി പൂർണമായും നിഷേധിച്ചു. തനിക്കെതിരായ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് അദ്ദേഹം പറഞ്ഞു.