പി. കെ ശശിയെ പുറത്താക്കി സി.പി.എം; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെ
പാലക്കാട്: പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു അറിയിച്ചു. വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് മുൻ എം.എൽ.എക്കെതിരെ പാർട്ടി നടപടിയെടുത്തത്. കഴിഞ്ഞ രണ്ട് കൊല്ലമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കൺവെൻഷനിൽ പി.കെ. ശശി പങ്കെടുത്തത്. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണമാണ് പി.കെ. ശശി ഉന്നയിച്ചിരിക്കുന്നത്.
ഇതേസമയം തനിക്കെതിരെയുള്ള ആരോപണം ശശി തെളിയിച്ചാൽ പർട്ടിയിൽ നിന്നും പുറത്തു പോകുമെന്ന് സുരേഷ് ബാബു പറഞ്ഞു. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ എല്ലാം അവസാനിപ്പിക്കാൻ ഞാൻ ഒരുക്കമാണ്. പി.കെ ശശി അതിനു തയ്യാറേകുമോ എന്ന് സുരേഷ് ബാബു ചോദിച്ചു. പാലക്കാട്ടെ വിമത കൺവെൻഷനിൽ പങ്കെടുക്കവെയാണ് ശശി സുരേഷ് ബാബുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സി.പി.എം തോന്നിവാസം നടത്തിയെന്ന് വിമത കൺവെൻഷനിൽ ശശി പറഞ്ഞു. മാധ്യമങ്ങൾ പറയുന്നതു പോലെ ഇവിടെ നടക്കുന്നത് വിമത കൺവെൻഷനല്ല, മറിച്ച് ആത്മാഭിമാനം പണയം വെക്കാത്തവരുടെ കൺവെൻഷനാണെന്ന് ശശി പറഞ്ഞു. പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണമാണ് ശശി ഉന്നയിച്ചത്. നിരവധി മഹാന്മാർ ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കടത്തുകാരൻ ഇരിക്കുന്നത്, ജില്ലാ സെക്രട്ടറിയോടുള്ള വിരോധം മൂലം പലരും പാർട്ടി വിട്ട് കോൺഗ്രസിലേക്കും ലീഗിലേക്കുമായി കൂടുമാറിയിട്ടുണ്ട്, അക്ഷരം കണ്ടാൽ ഉറക്കം വരുന്നയാളാണ് സുരേഷ് ബാബു എന്നിങ്ങനെ ഇ.എൻ സുരേഷിനെതിരെ ശശി വലിയ വിമർശനങ്ങളാണ് ഉന്നയിച്ചത്.
കോങ്ങോട് മണ്ഡലത്തിൽ സി.പി.എം തോൽക്കും, കോടിയേരി മരിച്ചതോടെ പാർട്ടിയിൽ വൻ ശൂന്യതയുണ്ടായി എന്നിങ്ങനെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ചും ശശി വിമർശിച്ചു. ദീർഘകാലമായി തുടർന്നു വന്നിരുന്ന പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും മാനസികമായി പ്രയാസം നേരിടുന്നുണ്ടെന്നും പുറത്താക്കൽ നടപടിക്കു പിന്നാലെ പി.കെ ശശി പ്രതികരിച്ചു.
