കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയത; സംസ്ഥാന, ജില്ലാ നേതാക്കളെ അഡ്‌ഹോക് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി

CPM factionalism in Karunagappally; State and district leaders removed from ad hoc committee

 

കൊല്ലം: കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെയും നടപടി. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലുള്ള സംസ്ഥാന ജില്ലാ നേതാക്കൾ അഡ്‌ഹോക് കമ്മിറ്റിയിലില്ല. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ സംസ്ഥാന കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളെ പൂർണമായും ഒഴിവാക്കി. ജില്ലാ സമ്മേളനത്തിന് ശേഷവും ഇവർ പുതിയ ചുമതലയിൽ എത്താൻ സാധ്യതയില്ല.

കരുനാഗപ്പള്ളിയിൽ വിഭാഗീയത രൂക്ഷമായതോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടപടിയുടെ ഭാഗമായി നിലവിലെ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയാ സമ്മേളനം നടക്കുക. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ പ്രശ്‌നമുണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

വിഭാഗീയതയെ തുടർന്ന് ‘സേവ് സിപിഎം’ എന്ന പ്ലക്കാർഡുകളുമായി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തിയിരുന്നു. നേരത്തെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുറത്തും ‘സേവ് സിപിഎം’ പോസ്റ്ററുകൾ പതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *