‘മലപ്പുറം എസ്‍പി ക്യാംപ് ഓഫിസിൽ അനധികൃതമായി ക്രിക്കറ്റ് നെറ്റ്‌സ് നിർമിച്ചു’; സുജിത് ദാസിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
മലപ്പുറം: മുൻ എസ്‍പി സുജിത് ദാസിനെതിരെ മലപ്പുറത്ത് കൂടുതൽ ആരോപണങ്ങൾ. എസ്‍പിയുടെ ക്യാംപ് ഓഫിസിൽ അനധികൃതമായി ക്രിക്കറ്റ് നെറ്റ്‌സ് നിർമിച്ചെന്ന പരാതിയിൽ സുജിത് ദാസിനെതിരെ വിജിലൻസിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണു പുതിയ പരാതി. എസ്‍പി ഓഫിസിൽ പുതിയ കെട്ടിട നിർമാണത്തിനായി എത്തിച്ച മെറ്റലും സിമന്റും വകമാറ്റി ക്രിക്കറ്റ് നെറ്റ്‌സ് നിർമിച്ചെന്നായിരുന്നു പരാതി.
നിലമ്പൂർ നഗരസഭയിലെ ഇടത് കൗൺസിലറായ ഇസ്മായിൽ എരഞ്ഞിക്കൽ കഴിഞ്ഞ വർഷം ജൂലൈയിലാണ് മുൻ എസ്‍പിക്കെതിരെ വിജിലൻസിൽ പരാതി നൽകിയത്. കെട്ടിട നിർമാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു. ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽനിന്ന് സ്‌പോൺസർ ചെയ്യിപ്പിച്ചു. ഇത് എടുക്കാൻ പൊലീസ് ജീപ്പ് അയച്ചെന്നുമെല്ലാം പരാതിയിൽ പറയുന്നുണ്ട്.
ഇപ്പോൾ വിവാദമായ മരംമുറി നടന്ന ക്യാംപ് ഓഫിസിൽ തന്നെയാണ് ക്രിക്കറ്റ് നെറ്റ്‌സ് നിർമിച്ചിരിക്കുന്നത്. വിജിലൻസിനു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി എസ്‍പി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.