ഇല്ല, മരിച്ചിട്ടില്ല; മരണ വാർത്ത മന:പൂർവം സൃഷ്ടിച്ചതെന്ന് നടി പൂനം പാണ്ഡെ

ctress Poonam Pandey said that the death news was deliberately created

 

ന്യൂഡൽഹി: സെർവിക്കൽ കാൻസർ ചർച്ചയാകാനാണ് മന:പൂർവം മരണ വാർത്ത സൃഷ്ടിച്ചതെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെർവിക്കൽ കാന്‍സറിനെ പറ്റി സമൂഹത്തിൽ അവബോധം നല്‍കാനാണ് വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം പാണ്ഡെ ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ഒച്ചപ്പാടിന് മാപ്പ്. ഞാന്‍ കാരണം വേദനിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ മരണത്തെക്കുറിച്ചുള്ള പോസ്റ്റ് വ്യാജവാര്‍ത്തയായിരുന്നു അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം മനുഷ്യനെ പതുക്കെ കാര്‍ന്നു തിന്നുന്നതാണ്. ധാരാളം സ്ത്രീകളുടെ ജീവൻ ഈ രോഗം കവര്‍ന്നിട്ടുണ്ട്. സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകണം’- പൂനം പറഞ്ഞു.

മരണ വാർത്ത ഒരുപാട് ആളുകളെ വേദനിപ്പിച്ചിരുന്നു. ​വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്. എക്കാലത്തെയും മോശമായ പബ്ലിസിറ്റി സ്റ്റണ്ട് എന്നായിരുന്നു വ്യാജ മരണവാർത്തക്കെതിരെ ഒരാൾ പ്രതികരിച്ചത്. എന്തിന് വേണ്ടിയാണെങ്കിലും തിരഞ്ഞെടുത്ത മാർഗ്ഗം ഏറ്റവും പരിഹാസ്യമാണെന്നാണ് മറ്റൊരാൾ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *