കുസാറ്റ് അപകടം: മരിച്ച മൂന്ന് വിദ്യാർഥികളെ തിരിച്ചറിഞ്ഞു
കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവ രെയാണ് തിരിച്ചറിഞ്ഞത്. അൽപ്പസമയം മുമ്പാണ് കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചത്.
മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.
കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.
Also Read : കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് നാല് മരണം
15 വിദ്യാർഥികളെയാണ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയത്. ഇവിടെവച്ചാണ് നാല് കുട്ടികൾ മരിച്ചത്. 45 ഓളം കുട്ടികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്. സർവകലാശാലയിലെ വിദ്യാർഥികൾക്ക് പുറമെ വിവിധ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളും ഗാനമേള കേൾക്കാനെത്തിയ പുറത്തുനിന്നുള്ള ആളുകൾ ഇവിടെയുണ്ടായിരുന്നു. മഴ പെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്ക് കയറിയതോടെയാണ് അപകമുണ്ടായത്. Cusat accident: Three students identified