മാതൃക ജില്ല ആശുപത്രി വാർഡിൽ ചത്ത എലിയും പൂച്ചകളും; ദുരവസ്ഥ മന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിൽ

തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ല ആശുപത്രിയുടെ വാർഡിൽ ചത്ത എലികളും പൂച്ചകളും. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പൂച്ചകളും എലികളും വിഹരിക്കുന്നത്. അണുബാധ ഒഴിവാക്കുന്നതിനായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് ഈ ദുരവസ്ഥ. സ്ത്രീകളുടെ വാർഡിലെ കുട്ടിരിപ്പുകാരാണ് നിലവിൽ ഈ ഉപയോഗിക്കുന്നത്.
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ അനാസ്ഥ. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അധികൃതർ ഇടപെടണമെന്നു രോഗി കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ബൈസ്റ്റാൻഡർ വാർഡ് അടച്ചതെന്നാണ് വിശദീകരണം. എ.എച്ച്.എം ഫണ്ടിൽ നിന്ന് 36 ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയിലെ ഒരു കെട്ടിടം ആരോഗ്യവകുപ്പ നവീകരിച്ചിരുന്നു. എൻ.എച്ച്.എം എമ്മിൽ കൂടുതൽ ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന പേരൂർക്കട ജില്ല മാതൃക ആശുപത്രിയിലെ ശേഷിക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ജില്ല പഞ്ചായത്തിനെ സമീപിച്ചത്.
അറ്റകുറ്റപ്പണികളും ആശുപത്രി പരിസര ശുചീകരണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ല പഞ്ചായത്തിനോടും ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
വീഴ്ച അനുവദിക്കില്ല, വിശദീകരണംതേടി മന്ത്രി
തിരുവനന്തപുരം: രോഗികളുടെ സുരക്ഷക്കും ആശുപത്രികളിലെ ശുചിത്വത്തിനും അണുബാധ നിയന്ത്രണത്തിനും സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്നും ഇക്കാര്യത്തിൽ വീഴ്ചകൾ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കാനാകില്ല. ആശുപത്രിക്ക് വേണ്ട എല്ലാ സംവിധാനവും സർക്കാർ ഒരുക്കി നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരാണ് മറ്റു കാര്യങ്ങൾ നോക്കേണ്ടത്. ഡി.എം.ഒ ഉൾപ്പെടെ സംഘത്തെ പരിശോധനക്കായി നിർദേശിച്ചു. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടമാണിത്. കിടക്കകൾ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടം പൂർണമായും ഫിറ്റ്നെസ് പരിശോധന നടത്തി വ്യത്തിയാക്കിയതിന് ശേഷമേ പ്രവർത്തനം ആരംഭിക്കാവൂ. ഡി.എം.ഒ ഉൾപ്പെടെയുള്ളവരാണ് പരിശോധിക്കേണ്ടത്. ഏറെക്കാലമായി നവീകരണം നടത്താത്ത വാർഡിൽ അടുത്തിടെയുണ്ടായ കനത്ത മഴയെ തുടർന്ന് ഭിത്തികളിൽ ഈർപ്പം വർധിക്കുകയും പെയിന്റ് അടർന്നുവീഴുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.
ഇതേത്തുടർന്ന് ഇവിടം സുരക്ഷിതമല്ലെന്ന് വിലയിരുത്തി ഒരാഴ്ചയായി ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബൈസ്റ്റാൻഡർ വാർഡിനുള്ളിൽ പൂച്ചകളുടെയും എലിയുടെയും സാന്നിധ്യമുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവിൽ വാർഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്.
