കരാറുകാരന് വധഭീഷണി, ജാതിയധിക്ഷേപം; കർണാടകയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ കരാറുകാരനെതിരെ വധഭീഷണി മുഴക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്ത ബിജെപി എംഎൽഎ അറസ്റ്റിൽ. രാജരാജേശ്വരി നഗറിൽ നിന്നുള്ള നിയമസഭാംഗം മുനിരത്നയാണ് അറസ്റ്റിലായത്. ചെൽവരാജു എന്ന കരാറുകാരന്റെ പരാതിയിലാണ് നടപടി.BJP
മുനിരത്ന ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചെൽവരാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ് സൻഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മുനിരത്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വധഭീഷണിയുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ എഫ്ഐആർ. ഇതിൽ മുനിരത്നയടക്കം നാല് പേർക്കെതിരെയാണ് കേസ്. സഹായി വി.ജി കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ അഭിഷേക്, വസന്ത് കുമാർ എന്നിവരാണ് മറ്റു പ്രതികൾ. ജാതിയധിക്ഷേപത്തിനാണ് രണ്ടാമത്തെ എഫ്ഐആർ.
കൈക്കൂലിക്കായി മുനിരത്ന തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി വാർത്താസമ്മേളനത്തിൽ പറഞ്ഞ ചെൽവരാജു, എംഎൽഎയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
അതേസമയം, നടപടിക്കു പിന്നാലെ കർണാടക ബിജെപി ഘടകം മുനിരത്നയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ചുമത്തപ്പെട്ട കുറ്റങ്ങളിൽ അഞ്ച് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
അതേസമയം, കരാറുകാരനെതിരെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയതിൽ മുനിരത്നയുടെ ബംഗളൂരുവിലെ വീടിന് പുറത്ത് പ്രതിഷേധിക്കുമെന്ന് ദലിത് സംഘർഷ സമിതി അറിയിച്ചു. ഈ സാഹചര്യത്തിൽ മുനിരത്നയുടെ വീടിന് പുറത്തും സമീപത്തും പൊലീസ് സുരക്ഷ ശക്തമാക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി ചില റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.