ഖേൽരത്‌നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു; പുരസ്‌കാരത്തിന് അപേക്ഷിച്ചില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ ശിപാർശ ചെയ്യാതെ കേന്ദ്ര കായിക മന്ത്രാലയം. മനു ഭാക്കർ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നാണു കേന്ദ്രം നൽകുന്ന വിശദീകരണം. എന്നാൽ, അപേക്ഷ അയച്ചിരുന്നുവെന്ന് മനുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.Olympic
വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ 12 അംഗ സമിതിയാണ് ബഹുമതിക്കായി താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെയും പാരാലിംപിക്സ് മെഡൽ ജേതാവ് പ്രവീൺ കുമാറിനെയും ഖേൽരത്‌നയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. 30 കായിക താരങ്ങളെ അർജുന അവാർഡിനും സമിതി ശിപാർശ ചെയ്തു.
കഴിഞ്ഞ പാരിസ് ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ രണ്ട് വെങ്കല മെഡലുമായി ചരിത്രം കുറിച്ചിരുന്നു മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമായിരുന്നു മെഡൽ നേട്ടം. ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമാണ് മനു.