ഡൽഹി നിയമസഭ: സഭയിലെത്തിയ ആം ആദ്മി എംഎൽഎമാരെ മുഴുവൻ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ

Delhi

ന്യൂഡല്‍ഹി: ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎമാരെ മുഴുവൻ സസ്പെൻഡ് ചെയ്ത് സ്പീക്കർ. 22ൽ ഇന്ന് സഭയിൽ ഹാജരായ 21 പേരെയുമാണ് സ്പീക്കർ വിജേന്ദർ ഗുപ്ത സസ്‌പെൻഡ് ചെയ്തത്.Delhi

സിഎജി റിപ്പോർട്ടിനെതിരെ അടക്കം പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംഎൽഎമാരെ മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. മദ്യനയത്തിൽ 2000 കോടിയുടെ നഷ്ടമുണ്ടായതായാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.

നിയമസഭയിലെ വൻ പ്രതിപക്ഷ ബഹളത്തിനിടയിലാണ് മുഖ്യമന്ത്രി രേഖാ ​ഗുപ്ത സിഎജി റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്. ലൈസൻസ് നൽകുന്ന പ്രക്രിയയിൽ നിയമ ലംഘനങ്ങൾ നടന്നതായും നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങൾ നിർദ്ദേശിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശകൾ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോർട്ടിൽ പറയുന്നു.

മദ്യശാലകൾ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാൽ ഇപ്പോൾ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. ലൈസൻസ് ഫീസ് ഇനത്തിൽ എക്സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ലൈസൻസികൾക്ക് ക്രമരഹിതമായ ഇളവുകൾ നൽകിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.

റിപ്പോർട്ടിനെച്ചൊല്ലിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ മാറ്റിയതിനെതിരെയുള്ള ബഹളത്തെത്തുടർന്നാണ് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. ബി.ആര്‍ അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *