ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ ബിജെപിക്ക് മുന്‍തൂക്കം: ഏഴില്‍ ആറ് സര്‍വെകളും വിജയം പ്രവചിച്ചത് ബിജെപിക്ക്
ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്‌സ് സര്‍വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അല്‍പമെങ്കിലും സാധ്യത പ്രവചിച്ചത്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 37 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം. (Delhi Assembly Election 2025 Delhi Exit Polls Predict BJP victory)
ഡല്‍ഹിയില്‍ ശരവേഗത്തില്‍ വളര്‍ന്നുപന്തലിച്ച അരവിന്ദ് കെജ്രിവാളിന്റെ ആപ്പ് യുഗം അതേവഗത്തില്‍ തന്നെ അവസാനിക്കുകയാണോ എന്ന സംശയങ്ങളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. പലതിലും ബിജെപിയുടെ പകുതി സീറ്റ് പോലും ആം ആദ്മിയ്ക്ക് ലഭിക്കുന്നില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് നിര്‍ണായകമായ യാതൊരു സ്വാധീനവും തെരഞ്ഞെടുപ്പ് ഫലത്തില്‍ ചെലുത്താനാകില്ലെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു.
പീപ്പിള്‍സ് പള്‍സ് സര്‍വെ ബിജെപിക്ക് 51 മുതല്‍ 60 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എഎപിയ്ക്ക് ലഭിക്കുമെന്ന് കരുതുന്നത് 10 മുതല്‍ 19 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസ് സംപൂജ്യരാകുമെന്നുമാണ് പ്രവചനം. പി മാര്‍ക് എഎപിക്ക് 21 മുതല്‍ 31 സീറ്റുകളും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ ഒരു സീറ്റ് മാത്രവും ബിജെപിക്ക് 39 മുതല്‍ 49 വരെ സീറ്റുകളും പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ സര്‍വെ ബിജെപിക്ക് 40 മുതല്‍ 44 സീറ്റുകള്‍ ലഭിക്കുമെന്നും എഎപിക്ക് 25 മുതല്‍ 29 സീറ്റുകള്‍ വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ ഒരു സീറ്റ് മാത്രം ലഭിക്കുമെന്നുമാണ് പറയുന്നത്. ചാണക്യ ബിജെപിക്ക് 39 മുതല്‍ 44 സീറ്റുകള്‍ വരെയും എഎപിക്ക് 25 മുതല്‍ 28 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. ജെവിസി എഎപിക്ക് 22 മുതല്‍ 31 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപിക്ക് 39 മുതല്‍ 45 സീറ്റുകള്‍ വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിക്കുമെന്നും പറയുന്നു. ട്വന്റിഫോര്‍ പോള്‍ ഓഫ് പോള്‍സ് എഎപിക്ക് 26 സീറ്റുകളും ബിജെപിക്ക് 43 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.