ധൻരാജ് ഫണ്ട്: നി​ല​പാ​ടി​ൽ​ മലക്കംമറിഞ്ഞ് സി.പി.എം



ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​​ന്റെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് പാ​ർ​ട്ടി കാ​ര്യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​ഞ്ഞ് സി.​പി.​എം. എ​ൽ.​ഡി.​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​ടെ ക​ണ്ണൂ​ർ ജി​ല്ല പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ജി​ല്ല സെ​ക്ര​ട്ട​റി ക​ണ​ക്കു​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട് മാ​റ്റം.

തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ​യാ​ണ് ജാ​ഥ ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ടാ​കു​ക. ക​ണ​ക്കു​ക​ൾ സു​താ​ര്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ വെ​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന മു​ന്‍ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ണി​ക​ള്‍ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. കു​ഞ്ഞി​കൃ​ഷ്ണ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഫ​ണ്ട് വെ​ട്ടി​ച്ചെ​ന്ന ആ​രോ​പ​ണം നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

കു​ഞ്ഞി​കൃ​ഷ്​​ണ​നെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷാ​ണ് ക​ണ​ക്ക് പ​ര​സ്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. പാ​ര്‍ട്ടി ആ​വ​ശ്യ​ത്തി​ന് പി​രി​ച്ച പ​ണ​ത്തി​ന്റെ ക​ണ​ക്ക് പാ​ർ​ട്ടി​ക്ക​ക​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ പ​റ​യു​ന്ന​താ​ണ് ക​മ്യൂ​ണി​സ്റ്റ് രീ​തി​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ​യ്യ​ന്നൂ​രി​ലെ മു​തി​ർ​ന്ന നേ​താ​വും ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫ​ണ്ട് വെ​ട്ടി​പ്പ് ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ വ​ര​വു​ചെ​ല​വ് ക​ണ​ക്ക് പ​റ​യി​ല്ലെ​ന്ന ഈ ​നി​ല​പാ​ട് വ​ലി​യ പ​രി​ഹാ​സ​ത്തി​നി​ട​യാ​ക്കി.

കൊ​ല്ല​പ്പെ​ട്ട സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ന്‍ സി.​വി. ധ​ൻ​രാ​ജി​ന്റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സ​മാ​ഹ​രി​ച്ച ഫ​ണ്ടി​ല്‍ വെ​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ച​ത്. ഒ​രു​കോ​ടി രൂ​പ പി​രി​ച്ച​തി​ല്‍ 46 ല​ക്ഷം രൂ​പ പ​യ്യ​ന്നൂ​ര്‍ എം.​എ​ല്‍.​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍ന്ന് ത​ട്ടി​യെ​ടു​ത്തു.

പ​യ്യ​ന്നൂ​രി​ലെ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് നി​ര്‍മാ​ണ ഫ​ണ്ടി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ല്‍നി​ന്നും പ​ണം ത​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. അ​തി​നി​ടെ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ര​ചി​ച്ച പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​നം ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്നു​ണ്ട്. അ​തി​നു​മു​മ്പ് ക​ണ​ക്ക് പു​റ​ത്തു​വി​ടാ​ൻ ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​​ങ്ങ​ളോ​ട് ചോ​ദി​ച്ചു.