മഞ്ഞപ്പടയുടെ പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായോ?

Yellow Army

‘നെഞ്ചിലണിഞ്ഞിരിക്കുന്ന ബാഡ്ജിനായി കളിക്കൂ…’ കഴിഞ്ഞ വര്‍ഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഗാലറിക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ വരവേറ്റത് ഈ മുദ്രാവാക്യമാണ്. ലീഗിലെ പത്താം സ്ഥാനക്കാരായ പഞ്ചാബ് എഫ്.സിയോട് ഹോം ഗ്രൌണ്ടില്‍ ടീം നാണംകെട്ട തോല്‍വി വഴങ്ങിയതില്‍ നിരാശരായ ആരാധകര്‍ ‘കാതങ്ങള്‍ താണ്ടി ഞങ്ങളീ ഗാലറിയിലെത്തുന്നത് ഈ കളി കാണാനല്ലെന്ന്’ പറഞ്ഞു വക്കുകയായിരുന്നു.Yellow Army

ഗാലറിയിൽ സ്വന്തം ടീമിനായി മൈക്രോഫോണിൽ ഉച്ചത്തിൽ അലറിവിളിച്ച അതേ ആരാധകർ കളിക്ക് ശേഷം താരങ്ങളോട് ‘പ്ലേ ഫോര്‍ ദ ബാഡ്ജ്’ എന്ന് അമർഷത്തോടെ അലറി വിളിച്ചു. കലൂർ ഗാലറിയിൽ നിന്ന് ഇങ്ങനെയൊരു കാഴ്ച അതിന് മുമ്പൊന്നും ആരും കണ്ടിട്ടില്ല. കളി തീരും മുമ്പേ നിരാശയോടെ കാണികള്‍ ഗാലറി വിടുന്ന കാഴ്ചക്കും അന്ന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

ടീമിന്‍റെ മോശം പ്രകടനങ്ങളുടെ പേരില്‍ കളിക്കാരോട് നിരാശയും അമര്‍ഷവും പ്രകടിപ്പിക്കുന്ന ആരാധകരെ മുമ്പും ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ഒളിമ്പിക് ലിയോൺ താരങ്ങളെ ഗ്രൗണ്ടിൽ നിർത്തി ആരാധകർ ശകാരിക്കുന്ന കാഴ്ച ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. നിങ്ങളണിയുന്ന ബാഡ്ജിനെ കളങ്കപ്പെടുത്തരുതെന്നും ഇതിഹാസങ്ങൾ അണിഞ്ഞ ജേഴ്‌സിയാണത് എന്നുമൊക്കെ മൈക്രോഫോണിലൂടെ വിളിച്ച് പറയുന്ന ഒരു ആരാധകന് മുന്നിൽ നിരാശയോടെ തലതാഴ്ത്തി നിൽക്കുന്ന ലിയോൺ താരങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഒരു പതിറ്റാണ്ട് നീണ്ട കേരള ബ്ലാസ്റ്റേഴ്സിന്‍റെ സഞ്ചാരത്തില്‍ ആരാധകര്‍ എക്കാലവും ഒരു സുപ്രധാന റോള്‍ അലങ്കരിച്ചിരുന്നു. ക്ലബ്ബിന്‍റെ ഷെല്‍ഫില്‍ നാളിത് വരെ ഒരു കീരീടം പോലുമെത്തിയിട്ടില്ല. ആകെ പറയാനുള്ള നേട്ടങ്ങള്‍ മൂന്ന് ഫൈനല്‍ പ്രവേശവും പിന്നെ കുറേ പ്ലേ ഓഫുകളും.എന്നിട്ടും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗാലറി വിട്ടില്ല. ഒരു കിരീടം പോലുമില്ലാത്ത, പലപ്പോഴും ആരാധക പ്രതീക്ഷകളെ തെല്ലും കാക്കാത്തൊരു ടീമായിരുന്നിട്ടും ഗാലറികളില്‍ ആ കിരീടത്തിനായി മഞ്ഞക്കുപ്പായമണിഞ്ഞ് കുറേ മനുഷ്യര്‍ കാത്തിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബായി ബ്ലാസ്റ്റേഴ്സ് മാറിയത്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉയർന്നു പൊങ്ങുന്ന ചാന്റുകൾ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു. ഇത് യൂറോപ്പിലെ ഏതോ ഗാലറിയല്ലെന്നും ഇന്ത്യയിലാണെന്നും കേരളത്തിലാണെന്നുമൊക്കെ പലരും അത്ഭുതത്തോടെ തലവാചകമെഴുതി.

ഇത്രയും ആരാധക പിന്തുണയുണ്ടായിട്ടും പത്ത് വര്‍ഷക്കാലം അവരുടെ പ്രതീക്ഷകളെ കാക്കാനാവാത്തൊരു മാനേജ്മെന്‍റ്. ഇനിയുമവര്‍ക്കെതിരെ ശബ്ദമുയര്‍ത്താതിരുന്നാല്‍ ഒരു മാറ്റവുമില്ലാതെ ഈ ചരിത്രമിങ്ങനെ തുടരുമെന്ന തിരിച്ചറിവില്‍ നിന്നാവണം ഈ സീസണ്‍ തുടങ്ങും മുമ്പേ മഞ്ഞപ്പട പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. ട്രാന്‍സ്ഫറുകള്‍, ടീം വിട്ടു പോയ താരങ്ങള്‍ക്കുള്ള റീപ്ലേസ്മെന്‍റുകള്‍, തുടങ്ങി മഞ്ഞപ്പട ഉയര്‍ത്തിയ ആശങ്കകളൊന്നും അസ്ഥാനത്തല്ലെന്ന് സീസണാരംഭിച്ചതോടെ ആരാധകര്‍ തിരിച്ചറിഞ്ഞു. തുടര്‍ തോല്‍വികള്‍, കളിക്കളത്തിലെ പരമാബദ്ധങ്ങള്‍, മാനേജ്മെന്‍റിന്‍റെ നിസ്സംഗ ഭാവം. ഇതൊക്കെ പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ മഞ്ഞപ്പടയെ പ്രേരിപ്പിച്ചു.

തോല്‍വിയുടെ പാപഭാരം മുഴുവന്‍ കോച്ച് മികായേല്‍ സ്റ്റാറേയുടെ തലയിലിട്ട് കയ്യൊഴിയാനുള്ള മാനേജ്മെന്‍റിന്‍റെ ശ്രമങ്ങളെ ആരാധകര്‍ തുറന്ന് കാട്ടി. സ്റ്റാറേക്ക് ശേഷം താല്‍കാലിക പരിശീലകരായി ടി.ജി പുരുഷോത്തമനും തോമസ് ചോര്‍സുമെത്തിയതോടെ ടീമില്‍ വന്ന മാറ്റങ്ങള്‍ ആശാവഹമായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ മഞ്ഞപ്പട ഒരുക്കമായിരുന്നില്ല. താരങ്ങള്‍ അധ്വാനിച്ച് കളിച്ച് ജയിച്ച മത്സരങ്ങളില്‍ പോലും ഗാലറികളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. ഇത് കണ്ട് ഗാലറിക്ക് മുന്നില്‍ വിജയാഘോഷങ്ങള്‍ക്ക് മുതിരാതെ താരങ്ങള്‍ തിരികെ നടന്നു. പിന്നീട് പ്രതിഷേധങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളായിരുന്നു. ഗാലറിയില്‍ പൊലീസെത്തി.

”കഴിഞ്ഞ 11 വർഷമായി മഞ്ഞപ്പട തങ്ങളുടെ ഹൃദയവും രക്തവും വിയർപ്പുമെല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി നൽകി. ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ ക്ലബിനൊപ്പം മറ്റെന്തിനേക്കാളും ഉറച്ചുനിന്നു. ഞങ്ങൾ ആരാധകർ മാത്രമായിരുന്നില്ല. ക്ലബി​ന്റെ ഹൃദയമിടിപ്പ് കൂടിയായിരുന്നു. പക്ഷേ ഞങ്ങൾക്കെന്താണ് തിരികെ ലഭിച്ചത്? അടിച്ചമർത്തലും ഭീഷണിയും അപമാനവുമല്ലാതെ മറ്റൊന്നും തിരികെ കിട്ടിയില്ല.

അടുത്തിടെ മഞ്ഞപ്പട നടത്തിയ പ്രതിഷേധങ്ങൾ ക്ലബിനോടുള്ള സ്നേഹം കൊണ്ടും മികച്ച ടീമുകളുടെ കൂട്ടത്തിൽ കാണാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ്. ഞങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നു. പക്ഷേ അവസാന രണ്ട് ഹോം മത്സരങ്ങളിൽ ഞങ്ങൾ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിട്ടത്. ഞങ്ങളുടെ പ്രധാന അംഗങ്ങളെ തടങ്കലിലാക്കി, ഭീഷണികള്‍ പലതു ഉയര്‍ന്നു. ബാനറുകള്‍ പിടിച്ചെടുത്തു. മാനേജ്മെന്റിനെതിരായ മുദ്രാവാക്യങ്ങൾ ഉയര്‍ത്തരുതെന്ന് മുന്നറിയിപ്പ് നൽകി. കളിക്കാർക്കൊപ്പം ഞങ്ങൾ എപ്പോഴും നിന്നിട്ടുണ്ട്. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. ഈ​ പോരാട്ടം ഞങ്ങളേക്കാളുപരി ക്ലബിന്‍റെ നിലനിൽപ്പിനാണ്’’- മാനേജ്മെന്‍റിന്‍റെ നടപടികളെ രൂക്ഷഭാഷയിലാണ് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയില്‍ വിമര്‍ശിച്ചത്. ഇതോടെ മാനേജ്മെന്‍റ് ആരാധകക്കൂട്ടായ്മയെ ചര്‍ച്ചക്ക് ക്ഷണിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞപ്പടയിറക്കിയ പ്രസ്താവനയിലെ സുപ്രധാന വാചകങ്ങളിലൊന്ന് പ്രതിഷേധം തുടരും എന്നായിരുന്നു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് മഞ്ഞപ്പട പ്രസ്താവനയില്‍ അറിയിച്ചു. താരങ്ങൾക്കോ ടീമിനോ എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും മാനേജ്‌മെന്‍റിന്‍റെ നയങ്ങൾക്ക് എതിരാണെന്നും മഞ്ഞപ്പട അറിയിച്ചു. വാഗ്ദാനങ്ങളല്ല നടപടികളാണ് ആവശ്യം എന്നാണ് മഞ്ഞപ്പട പറയാതെ പറഞ്ഞു വച്ചത്. അവസാനിക്കാത്ത ഈ പ്രതിഷേധങ്ങള്‍ കൊണ്ടുണ്ടായ ഗുണമാണോ ജനുവരിയില്‍ തുടരെ നടന്നു കൊണ്ടിരിക്കുന്ന ട്രാന്‍സ്ഫറുകള്‍? ആണെന്ന് വിശ്വസിക്കാനാണ് ആരാധകര്‍ക്കിഷ്ടം.

കഴിഞ്ഞയാഴ്ച പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേരുന്നു . 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്. നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നത് മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോറാണ്. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങുകയും ചെയ്തു.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സൈനിങ്ങുകള്‍ ഇനിയുമുണ്ടാവുമോ. പ്രതിരോധത്തിലെ പിഴവുകളടക്കം മറികടന്ന് കെട്ടുറപ്പുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായാല്‍ പ്രതീക്ഷകള്‍ ഇനിയും ബാക്കിയുണ്ട്. തോമസ് ചോര്‍സും ടി.ജി പുരുഷോത്തമനും ചേര്‍ന്ന് ടീമിന്‍റെ മെന്‍റാലിറ്റിയാകെ മാറ്റിയെടുത്തതിന്‍റെ നേര്‍ക്കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മൈതാനത്ത് കണ്ടത്. ഒരു കളിയില്‍ ഒമ്പതും മറ്റൊരു കളിയില്‍ പത്തും പേരായി ചുരുങ്ങിയിട്ടും തോല്‍ക്കാന്‍ ഒരുക്കമല്ലാത്തൊരു കളിക്കൂട്ടം മൈതാനത്ത് നിറഞ്ഞ് കളിക്കുന്നത് ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. അതെ അത്ര വിദൂരത്തല്ല ആ സ്വപ്ന കിരീടം

Leave a Reply

Your email address will not be published. Required fields are marked *