‘അന്നേ പറഞ്ഞതല്ലേ കരുണാകരന്‍റെ മകന് അവർ സീറ്റ്‌ കൊടുക്കില്ലെന്ന്, പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ?’: പത്മജ വേണു​ഗോപാൽ

Padmaja Venugopal

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ഉയർന്നുവരുന്നതിനിടെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. കെ.കരുണാകരന്‍റെ മകന് അവർ സീറ്റ്‌ കൊടുക്കില്ലെന്ന് താൻ അപ്പോഴേ പറഞ്ഞതാണെന്നും അത് ഇപ്പോൾ ശരിയായെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയണ്ട. എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്. ഇത് നിഷേധിച്ചാൽ തെളിവ് സഹിതം പുറത്തു വിടാമെന്നും പത്മജ പറഞ്ഞു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ എന്നും കെ.കരുണാകരന്‍റെ കുടുംബത്തെ പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് മത്സരിപ്പിക്കാൻ കിട്ടിയതുള്ളൂവെന്നും പത്മജ ചോദിച്ചു.Padmaja Venugopal

കുറിപ്പിന്റെ പൂർണരൂപം…

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട. എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട് . ഇത് നിഷേധിച്ചാൽ തെളിവ് സഹിതം പുറത്തു വിടാം.

പാലക്കാട് കെ. മുരളീധരൻ മത്സരിച്ചേക്കുമെന്ന് മുൻപ് സൂചനകളുണ്ടായിരുന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനാണ് സാധ്യതയെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. കെ. മുരളീധരന്റെ സഹോദരികൂടിയായ പത്മജ അടുത്തിടെയാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *