നെറ്റ്‌സിലും ബാറ്റിങിൽ നിരാശ; വിക്കറ്റ് ചവിട്ടി തെറുപ്പിച്ച് ബാബറിന്റെ രോഷ പ്രകടനം-വീഡിയോ
ഇസ്‌ലാമാബാദ്: ചൂടൻ പെരുമാറ്റവുമായി പലപ്പോഴും കളിക്കളത്തിലും പുറത്തും വാർത്തകളിൽ നിറയുന്ന താരമാണ് പാകിസ്താൻ മുൻ നായകൻ ബാബർ അസം. സിംബാബ്‌വെ മർദ്ദകൻ എന്ന ആരാധകരുടെ വിമർശനങ്ങളെ താരം പലപ്പോഴും രൂക്ഷമായാണ് നേരിട്ടത്. ഇപ്പോഴിതാ നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ താരം വീണ്ടും ചൂടൻ പെരുമാറ്റവുമായെത്തിയിരിക്കുന്നു.Disappointment
ബംഗ്ലാദേശ്-പാകിസ്താൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് പാക് താരങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാ ടീം പാകിസ്താനിലെത്തിയത്. ഷാൻ മഷൂദിന്റെ ക്യാപ്റ്റൻസിലിയാണ് പാക് ടീം ഇറങ്ങുന്നത്. നെറ്റ്‌സിൽ പരിശീലനത്തിനിടെ മോശം പ്രകടനത്തെ തുടർന്നാണ് താരം വിക്കറ്റ് ചവിട്ടി തെറുപ്പിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ ഷഹീൻ ഷാ അഫ്രീദി അടക്കമുള്ള താരങ്ങളുടെ പന്തുകളെ നേരിടാൻ താരം പാടുപെട്ടിരുന്നു. ബൗളറുടെ ഗുഡ് ലെങ്ത് പന്ത് ബാറ്റ് ചെയ്യുന്നതിൽ താരത്തിന് പിഴച്ചു. എഡ്ജ് കുടുങ്ങിയ പന്ത് സ്ലിപ്പിന്റെ സ്ഥാനത്തേക്ക് കുതിച്ചു. ഇതിനിടെ ബൗളറുടെ ആഹ്ലാദ പ്രകടനം കൂടിയായതോടെ മുൻ പാക് നായകൻ പരിസരം മറന്നു. ദേഷ്യം അടക്കാനാവാതെ വിക്കറ്റ് തെറുപ്പിച്ച് പുറത്തേക്ക് പോയി. പിന്നീട് താരം മടങ്ങിയെത്തുകയായിരുന്നു.