ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും; ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ ആരൊക്ക?
ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.Donald Trump
സത്യപ്രതിജ്ഞയ്ക്കായി ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്നലെ വൈകുന്നേരം വാഷിങ്ടണിലെത്തി. യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനോളം ലോകനേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരും വലതുപക്ഷ നേതാക്കളുമാണ്. ചില എതിരാളികളെയും ട്രംപ് സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, അർജൻ്റീനയുടെ പ്രസിഡൻ്റ് ഹാവിയർ മിലി, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ, ജർമ്മൻ പ്രസിഡൻ്റ് ഒലാഫ് ഷോൾസ്, സ്പാനിഷ് വലതുപക്ഷ വോക്‌സ് പാർട്ടി നേതാവ് സാൻ്റിയാഗോ അബാസ്‌കൽ, പോർച്ചുഗലിൻ്റെ പോപ്പുലിസ്റ്റ് ചെഗ പാർട്ടി നേതാവ് ആന്ദ്രെ വെഞ്ചുറ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല.
ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികള്‍ നാളെ വരെ തുടരും. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. തുടർന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സൽക്കാര ചടങ്ങുകളും നടക്കും. ക്യാപിറ്റോൾ വൺ അറീനയിലാണ് പരേഡ്.