‘പൊതുസ്ഥലത്ത് പാൻമസാല മുറുക്കിനടക്കരുത്; രാത്രി 9നുശേഷം പുറത്തിറങ്ങരുത്’-കുടിയേറ്റ തൊഴിലാളികൾക്ക് നിയന്ത്രണവുമായി പഞ്ചാബ് ഗ്രാമം

public

ചണ്ഡിഗഢ്: കുടിയേറ്റ തൊഴിലാളികൾക്കു കർശനനിർദേശവുമായി പഞ്ചാബിലെ പ്രാദേശിക ഭരണകൂടം. രാത്രി ഒൻപതു മണിക്കുശേഷം പുറത്തിറങ്ങുന്നും പൊതുസ്ഥലത്ത് പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിലക്കിക്കൊണ്ടാണ് ഉത്തരവ്. സാഹിബ്‌സാദ അജിത് സിങ് നഗർ ജില്ലയിലെ ജന്ദ്പൂരിലാണു സംഭവം.public

2,000ത്തിലേറെ ജനസംഖ്യയുള്ള പ്രദേശത്ത് 500ലേറെ കുടിയേറ്റ തൊഴിലാളികൾ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ പാതയോരങ്ങളിൽ 11 ഇന കർശന നിർദേശങ്ങളുമായി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവർ മാത്രമേ ഗ്രാമത്തിൽ കഴിയാൻ പാടുള്ളൂവെന്നാണു പ്രധാന നിർദേശം. രാത്രി ഒൻപതു മണിക്കുശേഷം വീടിനു പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാതയോരങ്ങൾ ഉൾപ്പെടെ പൊതുസ്ഥലത്ത് പുകവലിക്കരുത്, പുകയില-പാൻ മസാല ഉൽപന്നങ്ങൾ എന്നിവ ഉപയോഗിക്കരുത്, വെറ്റില മുറുക്കരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കാൻ വേണ്ടിയാണിതെന്നാണു വിശദീകരണം. യു.പി, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഗ്രാമത്തിലെ ഗുരുദ്വാരയിലേക്കുള്ള റോഡിലുൾപ്പെടെ തുപ്പി വൃത്തികേടാക്കുന്നതായി നാട്ടുകാർ അധികൃതർക്കു പരാതി നൽകിയിട്ടുണ്ടെന്ന് ‘ന്യൂസ് 18’ റിപ്പോർട്ട് ചെയ്യുന്നു. ഇത് സിഖ് മതത്തോടുള്ള അവഹേളനമാണെന്നാണു നാട്ടുകാർ പറയുന്നത്.

ഇതോടൊപ്പം ശരീരഭാഗങ്ങൾ തുറന്നിട്ടു നടക്കുന്നതും വിലക്കിയിട്ടുണ്ട്. വീടുകൾ വാടകയ്ക്കു നൽകുമ്പോൾ കെട്ടിട ഉടമകൾ വേസ്റ്റ്ബിന്നുകളും നൽകണമെന്ന് നിർദേശങ്ങളിൽ പറയുന്നു. ഒരു മുറിയിൽ രണ്ടിലേറെ പേർ താമസിക്കാൻ പാടില്ല. തൊഴിലാളികൾ എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യുകയോ നാട്ടുകാർക്ക് ഉപദ്രവമേൽപിക്കുകയോ ചെയ്താൽ ഇവർക്കു മുറി വാടകയ്ക്കു നൽകിയ വീട്ടുടമകളായിരിക്കും ഉത്തരവാദികൾ.

ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ നിരവധി തൊഴിലാളികൾ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വംശീയ മുൻവിധിയോടെയുള്ള ഉത്തരവാണിതെന്നു വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, കുടിയേറ്റക്കാരെ വേട്ടയാടാനല്ല നിർദേശങ്ങൾ പുറത്തിറക്കിയതെന്ന് പ്രദേശത്തെ നഗരസഭാ കൗൺസിലർ ഗോവിന്ദർ സിങ് ചീമ പ്രതികരിച്ചു. രാത്രിസമയങ്ങളിൽ മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്ന നാട്ടുകാർക്കെല്ലാം നിയമം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, വിഷയത്തിൽ ഇടപെട്ട ഖരാർ ഡിവൈ.എസ്.പി കരൺ സന്ധു ഇത്തരം ഉത്തരവുകൾ ഇറക്കാൻ നാട്ടുകാർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ചു. നാട്ടിലെ ക്രമസമാധാനനില നോക്കിനടത്താനുള്ള അധികാരം പൊലീസിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *