ആവേശമായി വന്ന് ആവിയായി ഡിപിഎപി; വീണ്ടും നനഞ്ഞ പടക്കമായി ഗുലാം നബി ആസാദ്

DPAP

ശ്രീന​ഗർ: പല തവണ കേന്ദ്രമന്ത്രി, മൂന്ന് വർഷം മുഖ്യമന്ത്രി, രാജ്യസഭാ- ലോക്സഭാ എംപി എന്നിങ്ങനെ രാഷ്ട്രീയ ജീവിതത്തിൽ വിവിധ സുപ്രധാന പദവികൾ അലങ്കരിച്ച നേതാവ്. കോണ്‍ഗ്രസിനൊപ്പമുള്ള അഞ്ച് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ യാത്രയിലൂടെ രാജ്യത്തെ തന്നെ കരുത്തനായ നേതാക്കളിൽ ഒരാളായി മാറിയ വ്യക്തി. ഒടുവിൽ, കോണ്‍ഗ്രസിലെ ഉള്‍പ്പോരിനു പിന്നാലെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് പാർട്ടിയിൽനിന്ന് രാജി വയ്ക്കുന്നു. തുടർന്ന് ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു- ഗുലാം നബി ആസാദ് എന്ന പേര് കേൾക്കുമ്പോൾ ഏറ്റവും ചുരുക്കിപ്പറയാവുന്നത് ഇത്രയുമാണ്.DPAP

കോൺ​ഗ്രസിന് ജമ്മു കശ്മീരിൽനിന്നുള്ള ഏറ്റവും ശക്തനായ നേതൃമുഖമായിരുന്നു ​ഗുലാം നബി ആസാദ്. പക്ഷേ, പുതിയ നീക്കത്തിനു ശേഷമുള്ള ശക്തി കാട്ടാനും കോൺ​ഗ്രസടക്കമുള്ള എതിരാളികളെ ഞെട്ടിക്കാനും 10ലേറെ സ്ഥാനാർഥികളുമായി തെരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയെങ്കിലും ഫലം വന്നപ്പോൾ ആവിയായി തീർന്ന അവസ്ഥയാണ് ​ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി)ക്ക് ഉണ്ടായത്. മത്സരിച്ച എല്ലാ സീറ്റിലും എട്ടുനിലയിൽ പൊട്ടി. ഇതുവരെയുള്ള തന്റെ രാഷ്ട്രീയ പ്രതിച്ഛായയും നേതൃപാടവുമൊന്നും ഒറ്റയ്ക്കിറങ്ങി പോരാട്ടത്തിനിറങ്ങിയപ്പോൾ ​ഗുലാം നബിക്ക് ​സഹായമായില്ല.

കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് 2022 ആ​ഗസ്റ്റ് 25നാണ് പാർട്ടിയിൽനിന്ന് രാജിവച്ചത്. സെപ്റ്റംബർ 26ന് അദ്ദേഹം പുതിയ പാർട്ടിയായ ഡിപിഎപി പ്രഖ്യാപിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളും ചില പ്രാദേശിക പ്രമുഖരും ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ 17 നേതാക്കൾ കോൺ​ഗ്രസിലേക്ക് തിരികെയെത്തി. എങ്കിലും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ തീരുമാനിച്ചു. ജമ്മു കശ്മീരിലെ രണ്ട് സീറ്റുകളിൽ ഡിപിഎപി മത്സരിച്ചെങ്കിലും മലര്‍ന്നടിച്ചുവീണു. അനന്ത്‌നാഗ് മണ്ഡലത്തിൽ മത്സരിക്കാൻ ഗുലാം നബി ആസാദ് തീരുമാനിച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. അങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പലരുടേയും രാജിയില്‍ കലാശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് സൃഷ്ടിച്ച ക്ഷീണമകറ്റാനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സ്ഥാനാർഥികളെ നിർത്തിയത്. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുലാം നബി ആസാദ് സജീവമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല, അനാരോഗ്യവും ആസാദിന് വിനയായി. ഡിപിഎപിയുടെ പ്രചാരണത്തിനിറങ്ങില്ലെന്ന് ഗുലാം നബി തന്നെ പറഞ്ഞിരുന്നു. അസുഖബാധിതനായതിനാലാണ് പ്രചാരണത്തിന് വരാൻ കഴിയാത്തതെന്നായിരുന്നു വിശദീകരണം. തന്റെ അസാന്നിധ്യത്തിൽ മത്സരരംഗത്ത് തുടരണമോ എന്ന കാര്യം ഡിപിഎപി സ്ഥാനാർഥികൾക്ക് തീരുമാനിക്കാമെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. എന്നാൽ ആരും പിന്മാറിയില്ല. ഒടുവിൽ, സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി ആസാദിന് കാലിടറി.

ബിജെപിയുടെ ബി ടീം ആണ് ആസാദിന്റെ പാര്‍ട്ടി എന്ന പ്രചാരണമാണ് അദ്ദേഹത്തിന് വലിയ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് ജയം ഉറപ്പിക്കുകയാണ് ഗുലാം നബി ആസാദിന്റെ ലക്ഷ്യം എന്ന പ്രചാരണവും ശക്തമായിരുന്നു. മോദി സര്‍ക്കാരിന്റെ ചില നീക്കങ്ങളെ അദ്ദേഹം പിന്തുണച്ചതും ഈ പ്രചാരണത്തിന് ബലമേകി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയുന്നതല്ലെന്നും അത്തരം വാഗ്ദാനം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ​പറഞ്ഞതും ജനങ്ങളെ അകറ്റി. അങ്ങനെ, വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും പുതിയ പാർട്ടിയുമായി വന്ന് വീണ്ടും നനഞ്ഞ പടക്കമായി മാറി ഗുലാം നബി ആസാദ്.

അതേസമയം ആസാദിന് മാത്രമല്ല, എൻസിക്ക് സമാനമായി ജമ്മു കശ്മീരിൽ ആഴത്തിൽ വേരുകളുള്ള പിഡിപിക്ക് പോലും ഇത്തവണ കാലിടറി. വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷിച്ച പിഡിപി നാമാവശേഷമായി. വെറും മൂന്നു സീറ്റുകൾ മാത്രമാണ് അവർക്കു നേടാനായത്. മുഫ്‌തി കുടുംബത്തിന്റെ ഉരുക്കുകോട്ടയായ ബിജ്ബെഹറയിൽ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

അവാമി ഇത്തിഹാദ് പാർട്ടിയും കശ്മീർ ജമാഅത്തെ ഇസ്‌ലാമിയും ശക്തികളായി മാറുമെന്ന് പ്രവചനമുണ്ടായെങ്കിലും മുന്നേറ്റമുണ്ടാക്കാനായില്ല. സഹോദരൻ ഖുർഷിദ് അഹമ്മദ് ഷേയ്ഖിന്റെ വിജയം ഒഴിച്ച്, മറ്റൊരു മുന്നേറ്റം ഉണ്ടാക്കാൻ അവാമി ഇത്തിഹാദ് പാർട്ടിയുടെ അധ്യക്ഷനായ എൻജിനീയർ റാഷിദിന് സാധിച്ചില്ല. ഒരു സ്ഥാർഥികളെ പോലും വിജയിപ്പാക്കാൻ കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കുമായില്ല. ദോഡയിൽ മെഹ്‌റാജ് മാലിക്കിലൂടെ ആംആദ്മി പാർട്ടി കശ്മീരിൽ അക്കൗണ്ട് തുറന്നു. പീപ്പിൾ കോൺഫറൻസിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ഏഴ് സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.

നാഷണൽ കോൺഫറൻസ്- കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യമാണ് ബിജെപിയെ വിറപ്പിച്ച് ജമ്മു കശ്മീരിൽ വെന്നിക്കൊടി പാറിച്ചത്. 49 സീറ്റുകളിൽ സഖ്യം വിജയം നേടി. മണ്ഡല പുനർനിർണയടക്കം നടത്തി കശ്മീർ കൈപ്പിടിയിലാക്കാമെന്ന ബിജെപി മോഹത്തിന് കനത്ത തിരിച്ചടിയാണ് കശ്മീരികൾ നൽകിയത്. 29 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. ഗാന്ദർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ വിജയിച്ച എൻസി നേതാവ് ഒമർ അബ്ദുല്ലയാവും മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *