ഷുഐബും സാക്കിബും ചേർന്ന് വാച്ച് മോഷ്ടിച്ചെന്ന് ഡോക്ടർ; കള്ളക്കഥ പൊളിച്ച് സിഐഎസ്എഫ്
ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ആപ്പിൾ വാച്ച് മോഷണം പോയെന്ന ഡോക്ടറുടെ വ്യാജ ആരോപണം പൊളിച്ച് സിഐഎസ്എഫ്. തെളിവുകൾ സഹിതം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) രംഗത്തെത്തിയതോടെ ആരോപണം ഉന്നയിച്ച ഗുരുഗ്രാം സ്വദേശിയായ ഡോക്ടർ തുഷാർ മേത്ത പോസ്റ്റ് ഡിലീറ്റ് ചെയ്ത് എക്സ് അക്കൗണ്ട് മരവിപ്പിച്ചു.Dr. Shuaib
ഓർത്തോപീഡിക് സർജനായ തുഷാർ മേത്ത ട്വിറ്ററിൽ പങ്കുവെച്ച ‘അനുഭവം’ ഇങ്ങനെ:
‘വിചിത്രമായ ഒരു കാര്യം ഇന്ന് സംഭവിച്ചു. കുറച്ചുമുമ്പ് ഞാൻ ഡൽഹി എയർപോർട്ട് മൂന്നാം ടെർമിനലിൽ സുരക്ഷാ പരിശോധനയിലായിരുന്നു. സെക്യുരിറ്റി ചെക്കിനു വേണ്ടി ഞാനെന്റെ ആപ്പിൾ വാച്ച് ട്രേയിൽ വെച്ചു. പരിശോധന കഴിഞ്ഞ് വസ്തുക്കളെല്ലാം ലാപ്‌ടോപ്പ് ബാഗിൽ തിരികെ വെക്കാൻ തുടങ്ങി. അപ്പോൾ എന്തോ നഷ്ടമായെന്ന് എനിക്ക് തോന്നി; എന്റെ വാച്ച് നഷ്ടമായിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. അവിടെ നിന്നിരുന്ന സിഐഎസ്എഫുകാരനോട് പറഞ്ഞപ്പോൾ ബാഗിലും പോക്കറ്റിലുമെല്ലാം ഒന്നുകൂടി നോക്കാനാണ് അയാൾ ആവശ്യപ്പെട്ടത്. അതൊക്കെ ഞാൻ നേരത്തെ ചെയ്തു കഴിഞ്ഞതായിരുന്നു.
ഉദ്വേഗത്തോടെ ചുറ്റം നോക്കിയപ്പോൾ ഒരാൾ നടക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കുന്നതു കണ്ടു. സിഐഎസ്എഫുകാരനെ അവഗണിച്ച് ഞാൻ അയാൾക്കു നേരെ നടന്നു. കുറച്ചു നടന്നപ്പോൾ അയാൾ ഇടതുഭാഗത്തുള്ള ടൈറ്റാൻ വാച്ചസിന്റെ ഹീലിയോസ് സ്‌റ്റോറിനടുത്ത് നിൽക്കുന്നതു കണ്ടു. ഞാൻ അയാളെ സമീപിക്കുകയും ബലമായി അയാളുടെ ട്രൗസറിന്റെ പോക്കറ്റിനു മേൽ കൈവെക്കുകയും ചെയ്തു. വാച്ച് അതിനകത്തുണ്ടെന്ന് എനിക്ക് അറിയാൻ പറ്റി. അപ്പോൾ ഹീലിയോസിലെ സെയിൽസ്മാൻ എനിക്കുനേരെ വന്ന് വിചിത്രമായി പെരുമാറാൻ തുടങ്ങി. ഞാൻ ബലംപ്രയോഗിച്ച് വാച്ച് പുറത്തെടുത്തു (അതിനു കഴിഞ്ഞു എന്നതിൽ എനിക്ക് സന്തോഷമുണ്ട്).
എന്റെ വാച്ച് മോഷ്ടിക്കാൻ ശ്രമിച്ചയാളും ഹീലിയോസ്‌കാരനും എന്നെ നേരിടാൻ തുടങ്ങിയപ്പോഴാണ് അവർക്ക് പരസ്പരം പരിചയമുണ്ടെന്ന് എനിക്കു മനസ്സിലായത്. ഹീലിയോസ്‌കാരൻ എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതിനിടെ മറ്റേയാൾ രക്ഷപ്പെട്ടു. ചെറിയൊരു വാക്കേറ്റത്തിനിടെ അവരുടെ പേര് എനിക്കു കിട്ടി. വിമാനത്തിന് വൈകും എന്നതിനാൽ ഞാൻ ഷോപ്പിൽ നിന്ന് പുറത്തുവന്നു. ഗേറ്റിലേക്ക് നടക്കുന്നതിനിടെ സിഐഎസ്എഫുകാരൻ ഹീലിയോസ്‌കാരനുമായി വന്ന് മോശമായി പെരുമാറിയതിൽ ഞാൻ മാപ്പ് പറയണം എന്നാവശ്യപ്പെട്ടു. ഞാനെന്റെ ഫോൺ എടുത്ത് കുറച്ചുകാലമായി ഞാൻ ചികിത്സിക്കുന്ന ഒരു സീനിയർ ഓഫീസറിനെ വിളിച്ച് ഫോൺ സ്പീക്കറിലിട്ടു. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അദ്ദേഹവുമായി സംസാരിക്കുകയും അപ്പോൾ തന്നെ എന്നെ പോവാൻ അനുവദിക്കുകയും ചെയ്തു. ഹീലിയോസ്‌കാരനുമായി അയാൾ തിരികെപോയി.
ഹീലിയോസ്‌കാരന്റെ പേര്: ഷുഐബ്.
വാച്ച് മോഷ്ടിക്കാൻ ശ്രമിച്ചയാൾ: മുഹമ്മദ് സാക്കിബ്.
ഞാനിത് ഇവിടെ ഇടുന്നത് ബോധവൽക്കരണം ഉദ്ദേശിച്ചാണ്.
സെക്യൂരിറ്റി കടക്കുമ്പോൾ നിങ്ങളുടെ സാധനങ്ങൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തൂ..’
സിഐഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സിനെയും സിഐഎസ്എഫ് എയർപോർട്ടിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു തുഷാർ മേത്തയുടെ എക്സ് പോസ്റ്റ്.
ഇതിന് പിന്നാലെ സിഐഎസ്എഫ് പോസ്റ്റിനോട് പ്രതികരിക്കുകയും സംഭവം അന്വേഷിക്കാൻ പിഎൻആർ നമ്പർ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മേത്ത വിവരിച്ച തരത്തിലുള്ള ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിഐഎസ്എഫ് കണ്ടെത്തിയത്.
‘മുകളിൽ വിവരിച്ചതിനോട് യോജിക്കാത്ത സംഭവഗതികളാണ് സിസിടിവി പരിശോധനയിൽ വ്യക്തമായത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം താങ്കൾ വാച്ച് ധരിച്ചുകൊണ്ടുതന്നെ, സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് സംസാരിക്കാതെ ബോർഡിങ് ഗേറ്റിനു നേരെ നടക്കുന്നതു കാണാം. ബോർഡിങ് സുഗമമായും തടസ്സമില്ലാതെയും പൂർത്തിയായി. അടിസ്ഥാനമില്ലാത്ത ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് യാത്രക്കാരുടെ മനസ്സിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുമെന്നതിനാൽ, ഒഴിവാക്കേണ്ടതാണ്…’ എന്നാണ് സിഐഎസ്എഫ് മേത്തയ്ക്ക് മറുപടി നൽകിയത്.
മേത്ത വിവരിച്ചതു പോലെ സംശയാസ്പദമായ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഡൽഹി എയർപോർട്ടും എക്‌സിൽ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മേത്ത അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത്. സിഐഎസ്എഫിനെതിരെയും എയർപോർട്ടിനെതിരെയും വ്യാജ ആരോപണം ഉന്നയിച്ചതിൽ തുഷാർ മേത്തക്കെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.