കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; പരിഹാരം ആവശ്യപ്പെട്ട് ഉപവാസവുമായി എം.കെ രാഘവൻ എംപി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എംപിയുടെ ഉപവാസ സമരം. മരുന്ന് പ്രതിസന്ധി തുടങ്ങി ഇത്ര ദിവസമായിട്ടും ആരോഗ്യമന്ത്രി മിണ്ടുന്നില്ലെന്ന് എം.കെ രാഘവൻ പറഞ്ഞു. എം.കെ മുനീർ എംഎൽഎ ഉപവാസം ഉദ്ഘാടനം ചെയ്തു.Kozhikode
മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിയിട്ട് 10 ദിവസം പിന്നിട്ടുണ്ട്. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ യാതൊരു ധാരണയിലും സർക്കാർ എത്തിയിട്ടില്ല. മൂന്ന് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്ന് ആരോപിച്ചാണ് എം.കെ രാഘവൻ എംപി 24 മണിക്കൂർ ഉപവാസ സമരം തുടങ്ങിയത്.
വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഉദ്ഘാടനം ചെയ്ത എം.കെ മുനീർ എംഎൽഎ പറഞ്ഞു. 150ഓളം ആവശ്യമരുന്നുകൾ കാരുണ്യ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നാളെ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് യോഗം ചേരുന്നുണ്ട്.