ഫ്രാൻസിസ് ഇട്ടിക്കോരയാവാൻ മമ്മൂട്ടിക്കേ പറ്റൂ ; ടി.ഡി രാമകൃഷ്ണൻ

Mammootty

ഫ്രാൻസിസ് ഇട്ടിക്കോര എന്ന തന്റെ നോവലിലെ ഇട്ടിക്കോര എന്ന പ്രശസ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കെ സാധിക്കൂ എന്ന് നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ. കേരള ലിട്രേച്ചർ ഫെസ്റ്റിൽവലിൽ നോവലിനെ പറ്റി സംസാരിക്കുമ്പോൾ, ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാക്കിയാൽ കേന്ദ്ര കഥാപാത്രമായ ഇട്ടിക്കോരയെ ആര് അവതരിപ്പിക്കും എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.Mammootty

” മമ്മൂക്കയല്ലാതെ മറ്റൊരാളെ ആ ചിത്രത്തിൽ നായകനാക്കി ചിന്തിക്കാനേ കഴിയില്ല, ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിലൊരാൾ ആണ് മമ്മൂക്ക, അദ്ദേഹം നോവൽ വായിക്കുന്നൊരു വീഡിയോ ഇന്റർനെറ്റിൽ ഉണ്ട്. പ്രസിദ്ധീകരിച്ച് മാസങ്ങൾക്കകം ഒറ്റപ്പാലത്ത് ഒരു ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ചാണ് മമ്മൂക്ക നോവൽ വായിക്കാനിടയാകുന്നത്. ആ കാലം മുതലേ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദമുണ്ട്” ടി.ഡി രാമകൃഷ്ണൻ പറയുന്നു.

യാഥാർഥ്യവും അയഥാർഥ്യവും ആയ സംഭവങ്ങളെ കോർത്തിണക്കി നിരവധി കോൺസ്പിരസി തിയറികളുടെ സഹായത്തിൽ, പുരാതന കേരളത്തിലുണ്ടായിരുന്നു എന്ന് കഥയിൽ പറയുന്ന, ക്രൈസ്തവ വിശ്വസങ്ങൾക്കെതിരെ പ്രവർത്തിച്ച് മന്ത്രവാദവും നരഭോജനവും ഒക്കെ ശീലമാക്കിയ പതിനെട്ടാം കൂറ്റുകാർ എന്ന സാങ്കൽപ്പിക കുടുംബക്കാരുടെ കഥയാണ് നോവലിന്റെ പ്രമേയം.

അവർ ആരാധിക്കുന്ന, കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, വാസ്‌ക്കോഡ ഗാമയ്ക്കും മുൻപ് സമുദ്ര സഞ്ചാരത്തിലൂടെ കുരുമുളക് കച്ചവടം നടത്തി ലോകത്തിന്റെ പല ഭാഗങ്ങളിൽ എത്തിപ്പെട്ട ഇട്ടിക്കോര എന്ന കഥാപാത്രവും പതിനെട്ടാം കൂറ്റുകാരും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള ബന്ധത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന കുറച്ചു ചെറുപ്പക്കാരിലൂടെയാണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ കഥ പുരോഗമിക്കുന്നത്.

നോവലിന്റെ പല വായനക്കാരും സോഷ്യൽ മീഡിയയിൽ ഇട്ടിക്കോരയെ അവതരിപ്പിക്കേണ്ടത് മമ്മൂട്ടിയാണെന്നു പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ ഭ്രമയുഗത്തിന് വേണ്ടി സംഭാഷണം എഴുതിയത് ടി.ഡി രാമകൃഷ്ണൻ ആയിരുന്നു. ഭ്രമയുഗത്തോടനുബന്ധിച്ച് ആരാധകർ നടത്തിയ പല സംവാദങ്ങളിലും ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായിരുന്നു. നോവൽ സിനിമാ രൂപത്തിൽ ആക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നും ടി.ഡി രാമകൃഷ്ണൻ കേരള ലിട്രേച്ചർ ഫെസ്റ്റിവലിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *