അർജുനായുള്ള തിരച്ചിലിനിടെ വടം പൊട്ടി; ഈശ്വർ മാൽപെയെ നാവിക സംഘം രക്ഷിച്ചു
ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് പരിശോധന. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നാണ് പരിശോധന നടത്തുന്നത്.
പുഴയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുടെ ശരീരത്തിൽ കെട്ടിയ വടം പൊട്ടി. ഒഴുക്കിൽപ്പെട്ട ഇയാളെ നാവിക സംഘമാണ് രക്ഷപ്പെടുത്തിയത്. മൂന്നാം തവണ മുങ്ങിയപ്പോഴാണ് ശരീരവുമായി ബന്ധിപ്പിച്ചിരുന്ന വടം പൊട്ടിയത്. 100 മീറ്ററോളം ദൂരം ഇദ്ദേഹം ഒഴുക്കിൽപ്പെട്ടു.
ഐ ബോർഡ് പരിശോധനയിൽ ലോറി ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. പുഴയിൽ ശക്തമായ അടിയൊഴുക്കാണ്. തിരച്ചിലനായി മുളകൾ എത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് മാൽപെ സംഘം അങ്കോലയിലെത്തിയത്. ഉഡുപ്പിക്കടുത്ത് മാൽപെ എന്ന സ്ഥലത്തുനിന്നുള്ള മുങ്ങൽ വിഗ്ധരാണ് ഇവർ. മത്സ്യത്തൊഴിലാളികളായ ഇവർ ആയിരത്തിലധികം രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാവിക സേനയുമായി സഹകരിച്ചാണ് ഇവർ അങ്കോലയിൽ പ്രവർത്തിക്കുന്നത്.
നാവിക സേനയുടെ കർണാടക മേഖലാ കമാൻഡിംഗ് ഓഫീസർ റിയർ അഡ്മിറൽ കെ.എം. രാമകൃഷ്ണൻ ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഇദ്ദേഹം ഉദ്യോഗസ്ഥരെയും കേരളത്തിൽ നിന്നുള്ള എം.എൽ.എമാരെയും കാണും. അങ്കോല ഐ.ബിയിൽ വെച്ചായിരിക്കും എം.എൽ.എമാരെ കാണുക.