‘ചാനലിന്റേത് വ്യാജ ആരോപണം’ പീഡന ആരോപണത്തിൽ പരാതി നൽകി DySP വി.വി ബെന്നി

DySP VV Benni has lodged a complaint against 'channel's false allegation' of harassment

 

താനൂർ: പൊന്നാനിയിൽ വീട്ടമ്മ പൊലീസുകാർക്ക് എതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ താനൂർ ഡിവൈഎസ്പി വി.വി ബെന്നി പരാതി നൽകി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഇന്നലെ ആരോപണം ചാനലിലൂടെ പുറത്തുവന്നതിന് പിന്നാലെ വി.വി ബെന്നി മാധ്യമങ്ങളെ കണ്ടിരുന്നു. മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതി​രെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്നായിരുന്നു ഡിവൈഎസ്പി വി.വി ബെന്നി പ്രതികരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി ബെന്നി പറഞ്ഞിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.

‘കരുതിക്കൂട്ടി​ ചെയ്ത പണിതന്നെയാണിത്. മുട്ടിൽമരം മുറിക്കേസിൽ ഞാൻ അന്വേഷണം നടത്തുന്നുവെന്നതാണ് ഇപ്പോഴത്തെ വാർത്തക്ക് പിന്നിലെ കാരണം. തീർച്ചയായും ഇതിനെതിരെ പരാതി നൽകുകയും നിയമനടപടിയുമായി മുന്നോട്ട് പോകുകയും ചെയ്യും. ഒരു മാധ്യമം നോക്കിയാൽ എന്തും പറയാമെന്നുള്ളത് മാധ്യമ​രംഗത്തെക്കൂടി മോശമാക്കുന്ന പരിപാടിയാണ്. ഒന്നുമില്ലാത്ത സംഗതിയെ ആടിനെ പട്ടിയാക്കുന്നതിനേക്കാൾ മോശമായ പരിപാടിയാണിതെന്നും ബെന്നി പറഞ്ഞു.

അതേസമയം യുവതിയുടെ ആദ്യ മൊഴിയിൽ പീഡനത്തെക്കുറിച്ച് പറയുന്നില്ല. പൊന്നാനി സി.ഐ രാത്രി വീട്ടിലെത്തിയത് തന്നെ മോശക്കാരിയാക്കിയെന്നും അതിനാലാണ് യുവതി പരാതി നൽകിയതെന്നുമാണ് യുവതിയുടെ മൊഴി. പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് പുറത്തുവന്നു. പണം തട്ടാൻ വേണ്ടി നിരന്തരം പരാതികൾ നൽകുന്ന വ്യക്തിയാണ് യുവതിയെന്നും അന്വേഷണ സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് പറയുന്നു. പരാതിക്കാരിയെ തള്ളി അയൽവാസികളും രംഗത്തെത്തിയിട്ടുണ്ട്.

വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ ,ആന്റോ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടിൽമരം മുറി കേസ് പ്രതികൾ സ്വന്തം ചാനൽ ഉപയോഗിച്ച് തന്നെയും പൊലീസിനെ അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *