തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു
ഉത്തരകാശി: ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11-ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. തുരങ്ക നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് കോൺഗ്രസ് – ബി.ജെ.പി വാക്പോരും ശക്തമായിട്ടുണ്ട്.
തുരങ്ക നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ആദ്യമായി ഉയർത്തിയത് കോൺഗ്രസ് ആണ്. അപകടം ഉണ്ടാകുമ്പോൾ രക്ഷപ്പെടാനുള്ള മാർഗം ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു എന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ഇന്നലെ ആരോപിച്ചിരുന്നു. ആരോപണങ്ങൾക്കപ്പുറം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇപ്പൊൾ ശ്രമിക്കുന്നത് എന്നും അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
ഗുഹാ മുഖങ്ങളിൽ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. തുരങ്കത്തിൻ്റെ ഇരുവശങ്ങളിലും ഓഗർ മെഷീൻ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവർത്തകർ. തുരങ്കത്തിൻ്റെ മുകളിൽ നിന്നുള്ള രക്ഷാ പാത ഒരുക്കുന്ന പ്രവർത്തികളും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതൽ ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
Efforts to rescue workers trapped in the tunnel continue for the 11th day